
കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകന്റെയും മേലുദ്യോഗസ്ഥന്റെയും ക്രൂരമായ മാനസിക പീഡനത്തെ തുടർന്നാണെന്ന് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ പുറത്തുവന്നിട്ടും പൊലീസിന് മൗനം. പ്രതികൾക്കെതിരെ ഇതുവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടില്ല. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്.
എസ്. അനീഷ്യ സഹപ്രവർത്തകർക്ക് അയച്ച ശബ്ദസന്ദേശങ്ങളിൽ ഒരു മേലുദ്യോഗസ്ഥനും സഹപ്രവർത്തകനും മാനസികമായി നിരന്തരം തളർത്തിയെന്ന് തുടർച്ചയായി പറയുന്നുണ്ട്. ഡയറിക്കുറിപ്പിലും ഇക്കാര്യങ്ങൾ വിശദമായുണ്ട്. എന്നിട്ടും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ കഴിയുന്ന തെളിവുകൾ ലഭിച്ചില്ലെന്ന നിലപാടിലാണ് പൊലീസ്. അടുത്ത ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. കേസ് അന്വേഷിക്കുന്ന പരവൂർ സി.ഐ എ.നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ശബ്ദസന്ദേശങ്ങൾ അടക്കമുള്ള അനീഷ്യയുടെ മൊബൈൽ ഫോൺ ബന്തവസിലെടുത്തു. ഫോണിൽ നിന്ന് സുഹൃത്തുക്കൾക്ക് പുറമേ പരവൂർ മജിസ്ട്രേട്ടിനും തനിക്ക് നേരിടേണ്ടിവന്ന മാനസിക പീഡനങ്ങൾ സംബന്ധിച്ച് അനീഷ്യ ശബ്ദസന്ദേശം അയച്ചിരുന്നു.
അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു
അനീഷ്യയെ അത്മഹത്യയിലേക്ക് തള്ളിവിട്ട ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും നിലവിൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചും കൊല്ലം ബാറിലെ അഭിഭാഷകർ ഇന്നലെ കോടതി നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനം നടത്തി. ആരോപണ വിധേയർക്കെതിരെ ബഹിഷ്കരണ സമരവും കൊല്ലം ബാർ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥരും ഇന്നലെ ഓഫീസുകളിൽ എത്തിയില്ല.
'അന്നത്തെ കാര്യങ്ങൾ
താങ്ങാനാകുന്നില്ല"
ഈ മാസം കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ വിളിച്ചുചേർത്ത യോഗത്തിലുണ്ടായ കാര്യങ്ങൾ തനിക്ക് താങ്ങാനാകുന്നില്ലെന്ന് അനീഷ്യയുടെ ഡയറിയിലെ 19 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമായി വായിച്ചതിനു പുറമേ യോഗത്തിൽ ഉണ്ടായിരുന്നവരിൽ വലിയൊരു വിഭാഗവും അധിക്ഷേപിച്ചുവെന്നും കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രിക്ക് നിവേദനം
എസ്.അനീഷ്യയുടെ മരണം ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെയോ വിരമിച്ച ജഡ്ജിയെയോ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കേസിൽ അത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ പരവൂർ പൊലീസിന് നിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണ വിധേയരായ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷനെയും പരവൂർ ജെ.എഫ്.എം.സി കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറെയും സസ്പെൻഡ് ചെയ്ത് വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനും അസോസിയേഷൻ നിവേദനം നൽകി.
ആത്മഹത്യ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിർദ്ദേശം ഇന്നലെ രേഖാമൂലം ലഭിച്ചു. ഇന്ന് അന്വേഷണം ആരംഭിക്കും.
കെ.ഷീബ
ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടർ ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ