
പടിഞ്ഞാറെക്കല്ലട: പടിഞ്ഞാറെക്കല്ലട, ചവറ, ഭരണിക്കാവ് സംസ്ഥാനപാതയിൽ കാരാളിമുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപമുള്ള റെയിൽവേസ്റ്റേഷൻ റോഡിൽ വാഹനാപകടം പതിവാകുന്നു. പ്രധാന റോഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ കുത്തനെയുള്ള ഇറക്കവും വീതി കുറവും റോഡിനോട് ചേർന്ന് യാത്രക്കാരുടെ കാഴ്ച മറയ്ക്കും വിധം സ്ഥാപിച്ചിരിക്കുന്ന മാടക്കടയുമാണ് അപകടങ്ങൾക്ക് കാരണം. ട്രെയിൻ യാത്രക്കാർ കൂടുതലായി വരുന്ന തിരക്കേറിയ സമയങ്ങളായ രാവിലെയും വൈകിട്ടുമാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ നിന്നും വരുന്ന യാത്രക്കാർ കുത്തനെയുള്ള റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ പ്രധാന റോഡിലെ വാഹനതിരക്ക് കാരണം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സന്ദർഭം ദിനവും ഉണ്ടാകാറുണ്ട്. ഇറക്കമായതുകൊണ്ടുതന്നെ പിന്നീട് വണ്ടി മുന്നോട്ടെടുക്കുമ്പോൾ നിയന്ത്രണം വിട്ട് താഴേക്കിറങ്ങി പിന്നിലുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. ഇത് യാത്രക്കാർ തമ്മിൽ വാക്കേറ്റത്തിനും ചെറിയ സംഘർഷങ്ങൾക്കും ഇടയാക്കാറുണ്ട്.
റോഡിന്റെ വീതിയും ഉയരവും വർദ്ധിപ്പിക്കണം
വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കും വിധം റോഡിന്റെ വശത്തായി സ്ഥാപിച്ചിരിയ്ക്കുന്ന മാടക്കട മാറ്റി സ്ഥാപിച്ചും റോഡിന്റെ വീതി കൂട്ടി നിലവിലെ ഉയരം പ്രധാന റോഡിന്റെ ഉയരത്തിനൊപ്പം ക്രമീകരിച്ചാൽ അപകടങ്ങൾക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
മിക്ക ദിവസങ്ങളിലും ഇവിടെ വാഹന അപകടം പതിവാണ്. മൂന്ന് കേസുകൾക്ക് കോടതിയിൽ സാക്ഷി പറയാൻ പോയിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ കമ്മിറ്റി കൂടി കട മാറ്റി സ്ഥാപിച്ച് റോഡിന്റെ വീതിയും ഉയരവും വർദ്ധിപ്പിച്ച് അപകടം ഒഴിവാക്കാൻ തീരുമാനമെടുത്തിരുന്നു. റോഡിന് വീതി കൂട്ടുവാനുള്ള സ്ഥലം ഞാൻ സൗജന്യമായി വിട്ടുകൊടുക്കാം. പകരം ഏർമാടക്കട മാറ്റി സ്ഥാപിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കി തന്നാൽ മതി.
ഇബ്രാഹിംകുട്ടി, കടയുടമ.
പരിയാരത്ത് വീട്, കാരാളിമുക്ക്