forest-
സ്മാർട്ട് വില്ലേജ് ഓഫീസിനായി കണ്ടെത്തിയ വനഭൂമി

കുളത്തൂപ്പുഴ: തിങ്കൾക്കരിക്കം വില്ലേജ് ഓഫീസിൽ ഓഫീസറുടെയും ജീവനക്കാരുടെയും കുറവ് കാരണം നെട്ടോട്ടമോടുകയാണ് നാട്ടുകാർ. വില്ലേജ് ഓഫീസറുടെ അഭാവത്തിൽ രണ്ട് വനിതാ ജീവനക്കാർ ഉൾപ്പെടെ മൂന്നുപേരാണ് ഇപ്പോൾ ഓഫീസ്കൈകാര്യം ചെയ്യുന്നത്. പഞ്ചായത്ത് അതിർത്തിയായ ചോഴിയക്കോട് മുതലുള്ളവർ വില്ലേജ് ഓഫീസിലെത്താൻ 14 കിലോമീറ്റർ താണ്ടണം. സ്ഥിരമായി ഓഫീസിൽ വരാത്ത ഓഫീസർ കാരണം സേവന സർട്ടിഫിക്കറ്റുകൾ ഒന്നും നൽകാൻ കഴിയാത്ത സ്ഥിതിയാണ്.

കെട്ടിട നി‌ർമ്മാണം ചുവപ്പുനാടയിൽ

സ്മാർട്ട് വില്ലേജ് ഓഫീസിനായി വനഭൂമി കണ്ടെത്തി റവന്യൂ വകുപ്പിന് കൈമാറിയെങ്കിലും വകുപ്പ് തല തർക്കങ്ങളെ തുടർന്ന് നിർമ്മാണ പ്രവർത്തനം ചുവപ്പുനാടയിൽ കുടുങ്ങിയിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കുന്നതിനായാണ് ഏഴംകുളത്തെ വാടക കെട്ടിടം ഏറ്റെടുത്തത്.

സ്വന്തമായി ഭൂമിയുള്ള വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം ചെയ്യാമെന്നിരിക്കെയാണ് വനഭൂമി കണ്ടെത്തിയത്.

ആർ.ഡി.ഒയ്ക്കും തഹസിൽദാറിനും പരാതി നൽകിയെങ്കിലും നാളിതുവരെയായും ഫലം ഉണ്ടായില്ല. വരും നാളിൽ വില്ലേജ് ഓഫീസ് പ്രവർത്തനം കാര്യക്ഷമമായില്ലെങ്കിൽ സമരമുറകളുമായി മുന്നോട്ടു പോകും.

മലയോര മേഖലയിൽപെട്ട വലിയ വില്ലേജാണ് തിങ്കൾക്കരിക്കം. ജനങ്ങൾക്ക് താമസം കൂടാതെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി ആവശ്യാനുസരണം ജീവനക്കാരെ റവന്യൂ വകുപ്പിൽ നിന്ന് നിയോഗിക്കണം.

സി. സുഭിലാഷ് കുമാർ

ഗ്രാമപഞ്ചായത്ത് അംഗം

സ്ഥിരം സംവിധാനമില്ലാത്ത ഓഫീസിന് ജനങ്ങളുടെ സേവന പരിഹാരം കണ്ടെത്തുന്നതിന് ഏറെ കാലതാമസമാണ്. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കുക.

പി. സഹദേവൻ

പൊതുപ്രവർത്തകൻ