കൊല്ലം: എ.പി.പി എസ്.അനീഷ്യയുടെ ദാരുണാന്ത്യത്തിന് ഉത്തരവാദികളായവരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

നിയമ പരിജ്ഞാനമുള്ളതും ജില്ലാ ജഡ്ജിയുടെ ഭാര്യയുമായ വനിതയ്ക്ക് പോലും സമാധാനപരമായി ജോലി ചെയ്യാനും ജീവിക്കാനും അവകാശം നിഷേധിക്കപ്പെടുന്ന അവസ്ഥ ഗുരുതരമാണ്. സംസ്ഥാനത്തെ കോടതികളിൽ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ നേരിടുന്ന കടുത്ത സമ്മർദ്ദത്തിന്റെ ഇര കൂടിയാണ് അനീഷ്യ.

നീതി നിർവഹണവുമായി ചേർന്ന് പ്രവർത്തിക്കുന്ന വനിതയ്ക്ക് പോലും സ്വതന്ത്രമായും സുതാര്യമായും ഔദ്യോഗിക കൃത്യനിർവഹണം നടത്താനുള്ള സാഹചര്യം കേരളത്തിലെ സർക്കാർ സേവന രംഗത്ത് ഇല്ലാതായിരിക്കുന്നു. പൊലീസിന്റെ അയഞ്ഞ നിലപാട് കുറ്റവാളികളെ സംരക്ഷിക്കാനാണ്. പൊലീസുമായി നിരന്തര ബന്ധമുള്ളതും സ്വാധീനമുള്ളവരുമാണ് ആരോപണവിധേയർ. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.