 അപകടത്തിൽ പരിക്കേറ്റ ഭിന്നശേഷിക്കാരൻ ഓഫീസുകൾ കയറിയിറങ്ങുന്നു


കൊല്ലം: കെട്ടി​ടത്തി​ന് മുകളി​ൽ നി​ന്ന് വീണ് കാലി​ന് ഗുരുതരമായി​ പരി​ക്കേറ്റ ഭി​ന്നശേഷി​ക്കാരനായ മുൻ ബാങ്ക് ഉദ്യോഗസ്ഥൻ സർക്കാർ പദ്ധതി​യായ 'പരിരക്ഷ' പ്രകാരമുള്ള ആനുകൂല്യം ലഭിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം ഓഫീസുകൾ കയറിയിറങ്ങുന്നു.

കടപ്പാക്കട അക്ഷയനഗർ 29ൽ വിഷ്ണുവാണ് തിരുവനന്തപുരത്തും കൊല്ലത്തുമുള്ള സമൂഹ്യനീതിവകുപ്പ് ഓഫീസുകൾ രണ്ട് വർഷമായി കയറിയിറങ്ങുന്നത്.

ചികിത്സയ്ക്ക് ഇതുവരെ ഒൻപത് ലക്ഷത്തിലധികം രൂപ ചെലവായി. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഷ്ണുവും കുടുംബവും സാമൂഹ്യനീതി വകുപ്പിന് അപേക്ഷ നൽകിയത്. ഓരോ തവണയും നിസാര കാരണങ്ങൾ പറഞ്ഞ് അപേക്ഷ നീട്ടിവയ്ക്കുകയായിരുന്നുവെന്ന് വിഷ്ണു പറയുന്നു. എസ്.ബി.ഐ ജീവനക്കാരനായിരുന്ന വിഷ്ണു കാഴ്ച പരിമിതി മൂലം വി.ആർ.എസ് എടുത്തിരുന്നു. തുടർന്ന് കുട്ടികൾക്ക് സൗജന്യമായി ബാങ്ക് കോച്ചിംഗ് നടത്തവേ, 2021 ഡിസംബർ 12ന് പരിശീലനം നൽകുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നക്ഷത്രം തൂക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. വലത് കാലിന്റെ എല്ലൊടിഞ്ഞു.

ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ട്രോമ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മേവറത്തെ സ്വകാര്യ മെഡി. ആശുപത്രി​യി​ലേക്ക് മാറ്റി​. വിഷ്ണുവിന് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരുന്നില്ല. അസ്ഥികൾ തുരന്ന് കമ്പികൾ ഇട്ടാണ് നടക്കാനാകുന്ന നിലയിലേക്കെത്തിച്ചത്.
തുടർന്ന് സാമൂഹ്യനീതിവകുപ്പിന്റെ ജില്ലാ ഓഫീസിൽ അപേക്ഷ നൽകി ചെലവായ തുകയുടെ ബില്ല് സമർപ്പിച്ചു. ഈ ഓഫീസുകളിൽ 30ൽ അധികം തവണ വിഷ്ണുവിന് പകരം അച്ഛൻ ശ്രീനിവാസനാണ് കയറിയി​റങ്ങിയത്. തുടർന്ന് ഭിന്നശേഷി കമ്മി​ഷണർക്കും വിജിലൻസിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

പരിരക്ഷ പദ്ധതി

ഭിന്നശേഷിക്കാർക്ക് അപകടത്തിൽ പരിക്കേറ്റാൽ ചികിത്സയ്ക്ക് ചെലവായ തുക പൂർണമായും തിരികെ നൽകുന്ന പദ്ധതിയാണ് പരിരക്ഷ.
തുക രണ്ട് ലക്ഷത്തിൽ കൂടുതലാണെങ്കിൽ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് അപേക്ഷ അയയ്ക്കും. അവിടെയാണ് അന്തിമ തീരുമാനമെടുക്കുന്നത്.

കഴിഞ്ഞ ദിവസം നൽകിയ അപേക്ഷയിൽ, 7 ലക്ഷം രൂപ അനുവദിച്ചതായി അധികൃതർ ഫോൺ വഴി അറിയിച്ചിരുന്നു. അമ്മയും അച്ഛനും ജില്ലാ സാമൂഹ്യനീതി ഓഫീസിലെത്തിയെങ്കിലും പണം കൈമാറാതെ വീണ്ടും രേഖകൾ ആവശ്യപ്പെടുകയായിരുന്നു.

വി​ഷ്ണു