കൊല്ലം: പരവൂർ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി ആവശ്യപ്പെട്ടു. സഹപ്രവർത്തകരിൽ നിന്നുണ്ടായ മാനസിക പീഡനവും ജോലി സമ്മർദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
അനീഷ്യയുടെ ശബ്ദരേഖകളിലും ഡയറിക്കുറിപ്പിലും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം വ്യക്തമാണ്. ഉന്നത ഭരണകക്ഷി നേതാക്കളായ പ്രോസിക്യൂട്ടർമാർ അടക്കമുള്ളവരുടെ ഭീഷണി ഉണ്ടായിരുന്നതായാണ് പുറത്തുവന്നിട്ടുള്ള ശബ്ദരേഖ സൂചിപ്പിക്കുന്നത്. ഉന്നതരായ കുറ്റാരോപിതർ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നതും കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.