aneeshya

കൊല്ലം: കഴിഞ്ഞ 19ന് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ വിളിച്ചുചേർത്ത യോഗം കഴിഞ്ഞ് പുറത്തുവന്ന അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ തന്നെക്കണ്ട് വിങ്ങിപ്പൊട്ടി കരഞ്ഞുവെന്ന് കൊല്ലം ബാറിലെ അഭിഭാഷകനായ കുണ്ടറ ജോസ് പറഞ്ഞു.

കുണ്ടറ ജോസ് പറയുന്നതിങ്ങനെ: ഉച്ചയ്ക്ക് 12.30 ഓടെയാണ് യോഗം കഴിഞ്ഞ് അനീഷ്യ മാഡം പുറത്തുവന്നത്. കുറച്ചുനേരം ജില്ലാ കോടതി വളപ്പിൽ നിന്ന് സംസാരിച്ചു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമായി വായിച്ച ശേഷം യോഗത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്ന് മാഡം പറഞ്ഞു. പിന്നെ എങ്ങലടിച്ച് പൊട്ടിക്കരയുകയായിരുന്നു. ആശ്വസിപ്പിക്കാനായി ബാർ അസോസിയേഷൻ ഹാളിൽ പോയി ചായ കുടിക്കാമെന്നു പറഞ്ഞെങ്കിലും തയ്യാറായില്ല. പെട്ടെന്ന് കാറിൽ കയറി പോവുകയായിരുന്നുവെന്നും കുണ്ടറ ജോസ് പറഞ്ഞു.

വിവരാവകാശ അപേക്ഷയിൽ 18 ചോദ്യങ്ങൾ

ആരോപണ വിധേയനായ പരവൂർ മജിസ്ട്രേട്ട് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂർക്കെതിരെ അഭിഭാഷകനായ കുണ്ടറ ജോസ് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയ്ക്കു പിന്നിൽ അനീഷ്യയാണെന്ന് ആരോപിച്ചാണ് 19ന് നടന്ന യോഗത്തിൽ മേലുദ്യോഗസ്ഥനടക്കം പരസ്യമായി അധിക്ഷേപിച്ചതെന്ന് കുണ്ടറ ജോസ് പറഞ്ഞു.

ആരോപണ വിധേയനായ അസി. പബ്ലിക് പ്രോസിക്യൂട്ടർ എത്ര ദിവസം അവധിക്ക് അപേക്ഷ നൽകി, എത്ര അവധികൾ അംഗീകരിച്ചു, എത്രദിവസം കോടതിയിൽ ഹാജരായി തുടങ്ങിയ 18 ചോദ്യങ്ങളാണ് വിവരാവകാശ അപേക്ഷയിൽ ഉണ്ടായിരുന്നത്. ഈ അപേക്ഷ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ഓഫീസിൽ നൽകിയതിനു പിന്നാലെ മറ്റൊരു അസി. പബ്ലിക് പ്രോസിക്യൂട്ടർ ഫോണിൽ വിളിച്ച് അനീഷ്യയുടെ നിർദ്ദേശപ്രകാരമാണോ അത് നൽകിയതെന്ന് ചോദിച്ചുവെന്നും കുണ്ടറ ജോസ് പറഞ്ഞു.

അരോപണ വിധേയനായ അസി. പബ്ലിക് പ്രോസിക്യൂട്ടർ ജോലിക്കെത്താത്ത ദിവസങ്ങളിലും ഹാജർ രേഖപ്പെടുത്തുന്നതും ഓഫീസ് മുറി തുടർച്ചയായി അടച്ചിട്ടിരിക്കുന്നതുമായ ചിത്രങ്ങൾ സഹിതം അനീഷ്യ പരാതി നൽകിയിരുന്നു. ഇതേ ഉദ്യോഗസ്ഥൻ ജോലിക്കെത്താത്ത ദിവസം അദ്ദേഹം കൈകാര്യം ചെയ്യേണ്ട കേസ് രേഖാമൂലം ചുമതല നൽകാത്തത് ചൂണ്ടിക്കാട്ടി അനീഷ്യ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ചതും ഒരു വിഭാഗം ജുഡീഷ്യൽ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരുന്നു.