thodu-
പറ്റോലി തോട് നവീകരണം 5.65കോടി രൂപയുടെ പ്രവർത്തി ടെൻഡർ ചെയ്തു

തൊടിയൂർ:കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ ഓച്ചിറ മുതൽ കന്നേറ്റി കായൽ വരെയുള്ള പാറ്റോലി തോട് നവീകരണത്തിന് സാങ്കേതികാനുമതി ലഭിച്ചതിനെ തുടർന്ന് 5.65കോടി രൂപയുടെ പ്രവർത്തികൾ ടെണ്ടർ ചെയ്തതായി സി.ആർ.മഹേഷ്‌ എം.എൽ.എ അറിയിച്ചു. കേന്ദ്ര സർക്കാർ വിഹിതമായി നബാർഡ്. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനഫണ്ടിൽ നിന്ന് 5.36 കോടിയും സംസ്ഥാന സർക്കാർ വിഹിതമായി 28.25 ലക്ഷം രൂപയുമുൾപ്പെടെ 5.65കോടി രൂപയുടെ പ്രവർത്തിയാണ് ടെണ്ടർ ചെയ്തത്.

നൂറ് കണക്കിന് കുടുംബങ്ങളുടെ ആവശ്യം

പാറ്റോലി തോടിന്റെ സമീപത്തു താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളുടെ വർഷങ്ങളായുള്ളആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. തോടിന്റെ വശങ്ങളിൽ നിൽക്കുന്നപാഴ് മരങ്ങൾ മുറിച്ച് നീക്കം ചെയ്യേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. റോഡിന്റെ വശങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്നതിനായി കരുനാഗപ്പള്ളി അഡിഷണൽ തഹസിൽദാരുടെ നേതൃത്വത്തിൽ ഒരു സർവേ സംഘത്തെ ചുമതലപ്പെടുത്തി ഉത്തരവായിട്ടുണ്ട് . ജലസേചന വകുപ്പ് തിരുവനന്തപുരം സുപ്രണ്ടിംഗ് എൻജിനീയറാണ് ടെണ്ടർ ക്ഷണിച്ചത് . രണ്ട് വർഷമാണ് പൂർത്തീകരണ കാലാവധി.

കാർഷികാവശ്യത്തിന് ജലസേചന സൗകര്യം ഉറപ്പാക്കുന്നതിനും തോടിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ വെള്ളകെട്ടിൽ നിന്ന് സംരക്ഷി ക്കുന്നതിനുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . നിരന്തരമായി നബാർഡ് അധികൃതരോട് ആവശ്യപ്പെട്ടതിൻ പ്രകാരമാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.

സി.ആർ.മഹേഷ്‌ എം.എൽ.എ