dist-hosp
ജില്ലാ ആശുപത്രിയിലെ ഫാർമസിയുടെ മുന്നിൽ ടോക്കൺ എടുക്കുന്നതിനുള്ള തിരക്ക് .

 ലഭിക്കുന്നത് പ്രാഥമിക ശുശ്രൂഷ മാത്രം

കൊല്ലം: 'കരുതലോടെ കൂടെയുണ്ട്' എന്ന് ജില്ലാ ആശുപത്രിയിൽ എഴുതിവച്ചിട്ടുണ്ടെങ്കിലും, അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുന്നത് വരെയേ ഈ വാചകങ്ങൾക്ക് ആയുസുള്ളുവെന്ന് രോഗികൾ പറയുന്നു.

പണച്ചെലവില്ലാതെ മികച്ച ചികിത്സ ലഭിക്കുമെന്ന വിശ്വാസത്തിലാണ് സാധാരണക്കാർ ജില്ലാ ആശുപത്രിയിൽ എത്തുന്നത്. എന്നാൽ അത്യാഹിത വിഭാഗത്തിലെത്തിയാൽ വന്ദേഭാരതിനേക്കാൾ വേഗത്തിലാണ് ഹൗസ് സർജന്മാർ പ്രാഥമിക ശ്രുശ്രൂഷ പൂർത്തിയാക്കി രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നത്.

എന്താ ഡോക്ടറെ ഇവിടെ പറ്റില്ലേയെന്ന് ചോദിച്ചാൽ, 'രോഗിയുടെ ജീവനാണ് നിങ്ങൾക്ക് വലുതെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപൊയ്ക്കൊള്ളൂ" എന്നായിരിക്കും മറുപടി.

ആരോഗ്യ രംഗത്ത് ജില്ലാ ആശുപത്രി നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ചികിത്സയ്‌ക്കെത്തുന്നവർക്ക് പ്രാഥമിക ചികത്സയ്ക്കപ്പുറം പരിഗണന ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ദിനം പ്രതി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തുന്നത് 500ൽ അധികം പേരാണ്. ഇവരിൽ ഭൂരിഭാഗത്തെയും പ്രാഥമിക ശ്രുശ്രൂഷ നൽകി റഫർ ചെയ്യുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാർ വൻ തുകമുടക്കി ആംബുലൻസുകളിൽ മറ്റ് ആശുപത്രികളിലെത്തി ചികിത്സ തേടേണ്ട അവസ്ഥയാണുള്ളത്.

നട്ടം തിരിഞ്ഞ് സാധാരണക്കാർ

 നവീകരണത്തിന് അടച്ച ഓപ്പറേഷൻ തിയേറ്റർ തുറന്നില്ല

 രാത്രികാലങ്ങളിൽ എക്സറേയെടുക്കാൻ സൗകര്യമില്ല

 അത്യാഹിത വിഭാഗത്തിൽ ജൂനിയ‌‌‌‌ർ ഡോക്ടർമാർ

 മികച്ച സംവിധാനങ്ങൾ സർക്കാർ ഒരുക്കുമ്പോഴും ജനം പെരുവഴിയിൽ

 ഭൂരിഭാഗം ജീവനക്കാരുടെയും പ്രവർത്തനം മാതൃകാപരം

റഫറൽ കേന്ദ്രമായി ചുരുങ്ങി
ഓപ്പറേഷൻ തീയേറ്ററുകൾ തുറന്നില്ലെന്നും എമർജൻസി ട്രോമാ കെയർ സംവിധാനം ഇല്ലെന്നും പറഞ്ഞാണ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നത്. അത്യാഹിത വിഭാഗത്തിൽ രാത്രികാലങ്ങളിൽ ജൂനിയർ ഡോക്ടർമാരാണ് പരിശോധനയ്ക്കുള്ളത്.

എന്തെങ്കിലും നിവൃത്തിയുണ്ടേൽ ഇങ്ങോട്ട് വരല്ലേ. അത്യാസന്ന നിലയിലെത്തിക്കുന്ന രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ല. മറ്റ് ആശുപത്രികലേയ്ക്ക് റഫർ ചെയ്യുകയാണ് പതിവ്.

രോഗികളുമായി എത്തുന്നവർ