കൊല്ലം: മൂല്യബോധമുള്ള പൗരന്മാരെ വളർത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ കടമയെന്ന് കൊല്ലം മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരി പറഞ്ഞു. ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിന്റെ വജ്ര ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ പ്രതിബദ്ധതയും രാഷ്ട്ര ബോധവും സഹജീവി സ്നേഹവും സഹാനുഭൂതിയുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിലേക്ക് കുട്ടികളെ നയിക്കുന്നത് മാതാപിതാക്കളും അദ്ധ്യാപകരുമാണ്. മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം സമൂഹത്തിന്റെ വളർച്ചയ്ക്ക് കൂടി ഉതകുന്ന തരത്തിൽ വിദ്യാർത്ഥികളെ വാർത്തെടുത്ത വിദ്യാലയമാണ് ക്രിസ്തുരാജ് സ്കൂളെന്നും അദ്ദേഹം പറഞ്ഞു. യാന്ത്രിക വിദ്യാഭ്യാസമല്ല, ക്രിയാത്മക വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകേണ്ടതെന്ന് എം.നൗഷാദ് എം.എൽ.എ പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ വിദ്യാലയത്തെ നയിക്കുന്ന സഭാ നേതൃത്വം ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിലാണെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.
ഹെഡ്മാസ്റ്റർ എ.റോയിസ്റ്റൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ ജി.ഫ്രാൻസിസ്, അദ്ധ്യാപകരായ സോണിയ മേരി, ഗ്രേസി ജോൺ, മേരി കാർമൽ വാസ് എന്നിവർക്ക് യാത്രഅയപ്പ് നൽകി. ജനറൽ കൺവീനർ എ.ജോൺസൺ, കൊല്ലം രൂപത എഡ്യുക്കേഷൻ സെക്രട്ടറി ഫാ.ബിനു തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, വാർഡ് കൗൺസിലർ അഡ്വ. എ.കെ.സവാദ്, പി.ടി.എ പ്രസിഡന്റ് ആർ.ശിവകുമാർ, ഡെപ്യൂട്ടി എച്ച്.എം ബി.രാജീവ്, പ്രിൻസിപ്പൽ ജി.ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി ഷൈൻ കൊടുവിള, സ്കൂൾ ചെയർ പേർഴ്സൺ ആത്മജ.എം.കൃഷ്ണ, പ്രൊഫ. പ്രേം ഏലിയാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വജ്രജൂബിലി ഹാൾ നിർമ്മാണത്തിനാവശ്യമായ തുകയുടെ ആദ്യ ഗഡു ബി.എസ്.എൻ.എൽ ജനറൽ മാനേജർ സുനിൽ മാത്യു ഡോ.പോൾ ആന്റണി മുല്ലശേരിക്ക് കൈമാറി. തുടന്ന് മനോജ് ഗിന്നസിന്റെ കോമഡി പ്രോഗ്രാമും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.