കൊല്ലം: കേരള ഫോക് ലോർ അക്കാഡമിയുടെ 2022 ലെ അവാർഡിന് ജില്ലയിൽ നിന്ന് ആറുപേർ അർഹരായി. ആർ.രോഷ്നി (സീതക്കളി),ആർ.തുളസീധരൻപിള്ള (കാക്കാരിശി നാടകം), വി.അനിൽകുമാർ (സീതക്കളി), എൻ.ചെല്ലപ്പൻ നായർ (തോറ്റംപാട്ട്), എൻ.ബാബുലാൽ (കളമെഴുത്ത് പാട്ട്), ആർ.മനോജ് (നാടൻ പാട്ട്) എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.

പെരിനാട് സ്വദേശികളാണ് സീതക്കളിക്ക് അവാർഡ് ലഭിച്ച രേഷ്നിയും അനിൽ കുമാറും. ഇരുപത് വർഷമായി രോഷ്നി സീതക്കളി രംഗത്തുണ്ട്. മുപ്പത് വർഷമായി സീതക്കളിയിൽ സജീവമാണ് അനിൽകുമാർ. കൊട്ടരക്കര സ്വദേശിയായ തുളസീധരൻപിള്ള 50 വർഷത്തിലധികമായി കാക്കാരിശ്ശി നാടക രംഗത്ത് പ്രവർത്തിക്കുന്നു. തോറ്റംപാട്ടിൽ 80 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ചെല്ലപ്പൻ നായർ കണ്ണനല്ലൂർ സ്വദേശിയാണ്. കളമെഴുത്ത് പാട്ടിൽ മുപ്പത് വർഷമായി സജീവമാണ് കുന്നത്തൂർ സ്വദേശിയായ ബാബുലാൽ. കരുനാഗപ്പള്ളി സ്വദേശിയായ മനോജ് ഇരുപത് വർഷത്തിലധികമായി നാടൻപാട്ട് രംഗത്തുണ്ട്.