കൊല്ലം: തൊഴിലിടത്തെ അവഗണനയും പരിഹാസവും ഭീഷണിയും സഹിക്കാനാകാതെ പരവൂർ കോടതിയിലെ എ.പി.പിയായിരുന്ന എസ്.അനീഷ്യ ആത്മഹത്യ ചെയ്ത സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി.രമ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അനീഷ്യയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പൊതുവേദിയിൽ വായിച്ചത് അക്ഷന്തവ്യമായ തെറ്റാണ്. സി.പി.എം നേതാവായ അഭിഭാഷകൻ അനീഷ്യയെ ഭീഷണിപ്പെടുത്തിയത് ഭരണ സംവിധാനത്തിന്റെ തണലിൽ സമസ്ത മേഖലയിലും നടക്കുന്ന അടിച്ചമർത്തലിന്റെ നേർചിത്രമാണ്. ഏറെ നാളത്തെ പീഡനാനുഭവമാണ് അൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ്. പൊലീസിന്റെ കൈവശമുള്ള ആത്മഹത്യാകുറിപ്പിൽ സർക്കാരിന്റെയും പാർട്ടിയുടെയും താൽപ്പര്യക്കാരായതിനാൽ സംസ്ഥാന സർക്കാരിന്റെ ഏത് ഏജൻസി അന്വേഷിച്ചാലും കുറ്റവാളികളെ കണ്ടെത്തില്ലെന്നും വി.ടി.രമ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.