കൊല്ലം: വികസന സാദ്ധ്യത ഏറെയുള്ള മയ്യനാട് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് വില്പന ഫെബ്രുവരിയോടെ സ്വകാര്യവ്യക്തിക്ക് കൈമാറാൻ നീക്കം. ജീവനക്കാരെ പിൻവലിച്ച് ഇപ്രകാരം കരാർ നൽകുന്നതോടെ സ്റ്റേഷന്റെ തരംതാഴ്ത്തലാണ് സംഭവിക്കുന്നത്.
2021ൽ ആണ് ഇതിനുള്ള നീക്കം ആരംഭിച്ചത്. ആദ്യപടിയായി സ്റ്റേഷൻ മാസ്റ്ററെ പിൻവലിച്ചിരുന്നു. ക്ലർക്ക് ഇൻ ചാർജിനെ മാറ്രി കരാറുകാരെ ഏൽപ്പിക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്. വരുമാനം കുറവുള്ള സ്‌റ്റേഷനുകളെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള റെയിൽവേ മാനേജ്‌മെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനുകളെ ഘട്ടംഘട്ടമായി തരംതാഴ്ത്തി കൈമാറാൻ തുടങ്ങിയത്. എന്നാൽ 10 എക്‌സ്‌പ്രസ് ട്രെയിനുകൾക്കും 4 പാസഞ്ചർ ട്രെയിനുകൾക്കും സ്റ്റോപ്പുള്ള മയ്യനാട് റെയിൽവേ സ്റ്റേഷനിൽ വരുമാനത്തിൽ വലിയ കുറവൊന്നുമില്ല. മാസം രണ്ടു മുതൽ മൂന്നു ലക്ഷം വരെയാണ് ശരാശരി വരുമാനം. കരാർ നൽകാനുള്ള നീക്കം പിൻവലിക്കണമെന്ന മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെയും യാത്രക്കാരുടെയും അഭ്യർത്ഥന എൻ.കെ. പ്രേമചന്ദ്രൻ എം.പി റെയിൽവേയിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ എത്രയും പെട്ടെന്ന് നിലവിലെ ജീവനക്കാരെ മാറ്രി പകരം കരാർ കൊടുക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്.
നിലവിലെ ടിക്കറ്റ് കൗണ്ടറിന് പകരം മെഷീൻ സംവിധാനം വരാനാണ് സാദ്ധ്യത. ക്ലർക്ക് ഇൻ ചാർജിനെ മാറ്രി ടിക്കറ്റ് വില്പന സ്വകാര്യ ഏജന്റിനെ ഏൽപ്പിച്ചാൽ സീസൺ ടിക്കറ്റുകൾ ഇല്ലാതെയാകും. കൂടാതെ എക്‌സ്‌പ്രസ് ട്രെയിനുള്ള സ്റ്റോപ്പ് ഇല്ലാതാകുമോ എന്ന ആശങ്കയുമുണ്ട്. 14 വർഷമായി മയ്യനാട് റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം- മംഗലാപുരം എക്സ്‌പ്രസിന് (പഴയ കണ്ണൂർ എക്സ്‌പ്രസ്) ഉണ്ടായിരുന്ന സ്റ്റോപ്പ് കൊവിഡ് സമയത്ത് ഒഴിവാക്കിയിരുന്നു. ഒരുപാട് തവണ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും പുനസ്ഥാപിച്ചിട്ടില്ല. 2020 ഒക്ടോബറിൽ ഇവിടെ നിന്ന് എല്ലാ സിഗ്‌നലിംഗ് സംവിധാനവും മാറ്റിയിരുന്നു.
ഇല്ലാതാക്കരുത്
ദിവസേന നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമായ മയ്യനാട് റെയിൽവേ സ്റ്റേഷൻ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നുവെന്നാണ് ആക്ഷേപം. ജീവനക്കാരുടെ തസ്തിക നിലനിറുത്താതെ സ്റ്റേഷനെ ഹാൾട്ടാക്കി മാറ്റി സ്വകാര്യവ്യക്തിക്ക് കൈമാറിയാൽ പിന്നീട് സ്റ്രേഷനിൽ വികസനപ്രവർത്തനങ്ങൾക്ക് സാദ്ധ്യതയില്ല. യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം രണ്ടുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഇവിടെ നടത്തിയിരുന്നു.
മൂന്ന് ലക്ഷം രൂപവരെ മാസം വരുമാനം ലഭിക്കുന്ന മയ്യനാട് റെയിൽവേ സ്റ്റേഷന്റെ സി.ഇൻ.സി പദവി നിലനിറുത്തണം. സ്വകാര്യവത്കരണത്തിൽ നിന്ന് റെയിൽവേ പിൻമാറണം
എ.നസീർ ഖാൻ, പ്രസിഡന്റ്,
മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ.