
കൊല്ലം: കൊല്ലം പോർട്ടിൽ ദിവസങ്ങൾക്കകം എമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ സാദ്ധ്യത. പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് കേരള മാരിടൈം ബോർഡ് പ്രതീക്ഷിക്കുന്നത്.
വിഴിഞ്ഞം പോർട്ട് സന്ദർശിക്കാനെത്തിയ ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗായ ഹരിനാഥ് മിശ്രയുമായി കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്ന വിഷയം ചർച്ച ചെയ്തിരുന്നു. എഫ്.ആർ.ആർ.ഒയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഇക്കാര്യം പരിഗണിക്കാമെന്ന മറുപടിയാണ് കേരള കേഡർ ഐ.പി.എസുകാരൻ കൂടിയായ ഹരിനാഥ് മിശ്ര നൽകിയത്.
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയതായി ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുമ്പേ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. തുടർ നടപടികൾ ഉണ്ടാകാതിരുന്നതോടെ മുഖ്യമന്ത്രി വീണ്ടും കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം ആദ്യം തിരുവനന്തപുരം, കൊച്ചി എഫ്.ആർ.ആർ.ഒമാരുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലം പോർട്ട് സന്ദർശിച്ചിരുന്നു.
കൊല്ലം പോർട്ടിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഇവരുടെ സംയുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് കൊല്ലം പോർട്ടിന് എമിഗ്രേഷൻ പോയിന്റ് അനുവദിക്കുക. എമിഗ്രേഷൻ പോയിന്റിന്റെ പ്രവർത്തനത്തിന് എത്ര ഉദ്യോഗസ്ഥർ ആവശ്യമുണ്ടെന്ന കാര്യം കൂടി പരിശോധിക്കാൻ കൂടിയാണ് എഫ്.ആർ.ആർ.ഒ സംഘമെത്തിയത്. കാര്യമായ ഗതാഗതം ഉടൻ ഉണ്ടാകാൻ സാദ്ധ്യതയില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ മാത്രം നിയോഗിക്കാനേ സാദ്ധ്യതയുള്ളു. ഗതാഗതം ഉയരുന്നതിനനുസരിച്ച് പിന്നീട് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും.
ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ പച്ചക്കൊടി
എമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ പച്ചക്കൊടി
പരിശോധനകൾക്കും സുരക്ഷാ ജോലികൾക്കുമായി പൊലീസ് ഉദ്യോഗസ്ഥരെയും സി.ഐ.എസ്.എഫുകാരെയും ഉടൻ സംസ്ഥാന സർക്കാർ നിയോഗിക്കും
ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കാനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാക്കി
എമിഗ്രേഷൻ പോയിന്റ് അനുവദിച്ചാലുടൻ നിയമനം നടത്താൻ ആലോചന
ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗുമായി ഏതാനും ദിവസം മുമ്പ് കൊല്ലം പോർട്ടിൽ ഐ.സി.പി അനുവദിക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ച ഏറെ പ്രതീക്ഷ നൽകുന്നതാണ്.
എൻ.എസ്.പിള്ള, ചെയർമാൻ
കേരള മാരിടൈം ബോർഡ്