ns

ശാസ്താംകോട്ട: ആർ.സൂരജിന് സർവോത്തം ജീവൻരക്ഷാ പഥക് മരണാനന്തര ബഹുമതിയായി ലഭിച്ചത് അറിഞ്ഞപ്പോൾ ആ ധീര ജവാന്റെ മാതാവ് മണിയുടെ കണ്ണ് നിറഞ്ഞു.

സൂരജിന്റെ ചിത്രത്തിന് മുന്നിലെത്തി ആ അമ്മ കണ്ണടച്ച് പ്രാർത്ഥിച്ചു. പിന്നീട് ഇടറിയ വാക്കുകളിൽ പറഞ്ഞു. 'സൂരജിന്റെയും അവന്റെ അച്ഛന്റെയും ആത്മാവിന് ഇതിലും വലിയ സന്തോഷം കിട്ടാനില്ല".

സി.ആർ.പി.എഫ് 210 ബറ്റാലിയനിൽ കോബ്ര കമാൻഡോ ആയിരുന്നു ശൂരനാട് തെക്ക് കോഴിക്കോടന്റയ്യത്ത് തെക്കേപുരയിൽ ആർ.സൂരജ്. 2022 ജൂലായ് 7ന് ഛത്തീസ്ഗഢിലെ നക്സൽ പ്രദേശമായ ബീജാപൂരിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്നു സൂരജ് ഉൾപ്പെട്ട സി.ആർ.പി.എഫ് സംഘം. തുമാൽവാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദി റോപ്പ് ഉപയോഗിച്ച് കുറുകെ കടക്കവേ സൂരജ് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോവുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മറ്റ് നാല് ജവാന്മാർ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നരയോടെ സൂരജിന്റെ മൃതദേഹം കണ്ടെടുത്തു. സൂരജിന് 27 വയസായിരുന്നു. 22-ാം വയസിൽ ജോലിയിൽ കയറിയ സൂരജിന് അഞ്ചുവർഷം മാത്രമാണ് രാജ്യ സേവനം ചെയ്യാനായത്.

പതാരം എസ്.എം എച്ച്.എസ്.എസിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സൂരജ് ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയിരുന്നു. നാട്ടിൽ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സി.ആർ.പി.എഫിൽ ഹെഡ് കോൺസ്റ്റബിളായിരുന്ന അച്ഛൻ രവീന്ദ്രനും സർവീസിലിരിക്കെയാണ് മരിച്ചത്. അമ്മ മണിക്കും സഹോദരങ്ങളായ ആർ.നീരജ്, ആർ.സൗരജ് എന്നിവർക്കും വേദനകൾക്കിടയിലും അഭിമാന മുഹൂർത്തമാണിത്.