
നിരവധി പേർക്ക് പരിക്ക്
പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ട്രാൻ. ബസും ചരക്ക് ലോറിയും അപകടത്തിൽപ്പെട്ടതിന് പിന്നാലെ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. ലോറി ഡ്രൈവറുടെ കാൽ ഒടിയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ രാവിലെ വാളക്കോട് വെള്ളിമലയ്ക്ക് സമീപത്തെ തണ്ണിവളവിലായിരുന്നു അപകടം. അൽപ്പനേരം ഗതാഗതവും സ്തംഭവിച്ചു. തെങ്കാശിയിൽ നിന്ന് കൊല്ലത്ത് വന്ന ഫാസ്റ്റ് പാസഞ്ചർ ബസും തമിഴിനാട്ടിലേക്ക് ചരക്കെടുക്കാൻ പോയ ലോറിയുമാണ് ആദ്യം കൂട്ടിയിടിച്ചത്. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശിയുടെ കാൽ ഒടിയുകയും ബസ് യാത്രക്കാരായ നിരവധി പോർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.
റോഡിൽ ഓയിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് തെന്മല ഭാഗത്ത് നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് സമീപത്തുകൂടി കടന്നുപോയ ലോറിയിൽ ഇടിച്ച ശേഷം അച്ചൻകോവിലിലേക്ക് കടന്നുവന്ന ബസിലും ഇടിച്ചു. കാർ യാത്രക്കാരായ രണ്ടുപേർക്ക് നിസാര പരിക്കേറ്റു. പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സ് റോഡിൽ വീണ ഓയിൽ കഴുകിനീക്കി. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.