കാരുവേലിൽ: പവിത്രേശ്വരം പഞ്ചായത്തിലെ ഇന്ത്യൻ ബാങ്ക് ജംഗ്‌ഷനിൽ നിന്ന് ആരംഭിക്കുന്ന തുരുത്തേൽമുക്ക് - കോഴിക്കോടൻ മുക്ക് റോഡിന്റെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജനപ്രതിനിധികൾക്ക് നിവേദനം നൽകി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ , വെട്ടിക്കവല ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്,പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കാണ് പ്രദേശവാസികളായ 350 ഓളം പേർ ഒപ്പിട്ട നിവേദനം നൽകിയത്.

നാല് ആരാധനാലയങ്ങളും രണ്ട് കശുഅണ്ടി ഫാക‌്‌ടറിയും ഒരു അങ്കണവാടിയും സ്ഥിതി ചെയ്യുന്ന പ്രദേശത്തെ റോഡാണ് കാൽനട പോലും അസാദ്ധ്യമായ മട്ടിൽ എട്ട് വർഷമായി തകർന്നടിഞ്ഞു കിടക്കുന്നത്.

നിവേദനം നൽകിയ ശേഷവും ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു. പരിസരവാസികളെ പ്രതിനിധീകരിച്ച് എസ്.എൻ.ഡി. പി യോഗം 829 ാം നമ്പർ ശാഖ യോഗം പ്രസിഡന്റ് എൽ.തുളസീധരൻ,ബേബി മുളമൂട്ടിൽ ബഥേൽ,ഡേവിഡ് , ജോർജ് കുട്ടി എന്നിവർ നിവേദന സംഘത്തിന് നേതൃത്വം നൽകി.