കൊല്ലം: അറ്രകുറ്റപ്പണിക്ക് അടച്ച ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ അടുത്ത മാസം ആദ്യം പണി പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിക്കും. കരാർ ഏറ്റെടുത്ത വ്യക്തിയും ആശുപത്രി അധികൃതരും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
രണ്ടാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു. 'ജില്ലാ ആശുപത്രി ഓപ്പറേഷൻ തീയേറ്റർ, ഇഴഞ്ഞിഴഞ്ഞ് അറ്റകുറ്റപ്പണി' എന്ന തലക്കെട്ടിൽ 24ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
ഡിസംബറിൽ പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെ ആരംഭിച്ച അറ്റകുറ്റപ്പണി ജനുവരി അവസാനമായിട്ടും പൂർത്തിയായിരുന്നില്ല. നവംബറിൽ നടപടികൾ ആരംഭിച്ചെങ്കിലും ഡിസംബർ ആദ്യ ആഴ്ചയാണ് അറ്റകുറ്റപ്പണികൾ തുടങ്ങിയത്.
ഇലക്ട്രിക് വർക്കുമായി ബന്ധപ്പെട്ട പ്രശ്നമാണ് അറ്റകുറ്റപ്പണി വൈകിപ്പിച്ചത്. ഇത് പരിഹരിച്ച് ജോലികൾ ആരംഭിച്ചെന്ന് കരാറുകാരൻ അറിയിച്ചു.