kkk
കൊട്ടാരക്കര മീൻപിടിപ്പാറ ടൂറിസം പദ്ധതി

കൊട്ടാരക്കര : വേനൽ കടുത്തുതുടങ്ങിയതോടെ കൊട്ടാരക്കര മീൻപിടിപ്പാറയിൽ നീരൊഴുക്ക് കുറഞ്ഞു.കാഴ്ചകാണാൻ ആളെണ്ണവും കുറഞ്ഞു. രണ്ടാഴ്ചയായിട്ടാണ് നീരൊഴുക്ക് വലിയ തോതിൽ കുറഞ്ഞത്. പാറക്കെട്ടുകളിൽ തട്ടിച്ചിതറിയൊഴുകുന്ന വെള്ളമായിരുന്നു മുഖ്യ ആകർഷണം. ഇപ്പോൾ നാരുപോലെ ഒരു വശത്ത് മാത്രമായി നീരൊഴുക്ക്. വലിയ മത്സ്യ ശില്പത്തിന് സമീപത്തും നാമമാത്രമായ വെള്ളമാണുള്ളത്. വേനൽമഴയില്ലെങ്കിൽ ഇനിയുള്ള നാളുകളിൽ മീൻപിടിപ്പാറയിലെ നീരൊഴുക്ക് പൂർണമായും നിലയ്ക്കും. കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പകൽനേരങ്ങളിൽ ഇവിടേക്ക് അധികം ആളുകളെത്തുന്നില്ല. വൈകിട്ട് ആറരയോടെ ടൂറിസം പദ്ധതി അടയ്ക്കും.

വികസനമില്ല

മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് സംസ്ഥാന ബഡ്ജറ്റിൽ മീൻപിടിപ്പാറ വികസന പദ്ധതികളും ഇടം നേടിയിരുന്നു. ബഡ്ജറ്റിൽ പ്രഖ്യാപിച്ച ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സർക്യൂട്ടിൽ ഉൾപ്പെട്ടതോടെ കൂടുതൽ സംവിധാനങ്ങളെത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇതിന്റെ യാതൊരു തുടർ നടപടികളും ഉണ്ടായിട്ടില്ല. ടൂറിസം പദ്ധതിയുടെ ഭാഗമായിത്തന്നെ കൊട്ടാരക്കര പുലമൺ തോടും നവീകരിച്ച് ബോട്ടിംഗ് ഉൾപ്പടെ നടത്താമെന്ന ആലോചനയും എങ്ങുമെത്തിയില്ല. പുലമൺ തോട് നവീകരണ പദ്ധതികൾ ഇപ്പോൾ നഗരസഭയുടെ സജീവ പരിഗണനയിലുണ്ട്. അതുവഴി മീൻപിടിപ്പാറയുടെ വികസനവും സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ.

പട്ടണത്തിലെ ടൂറിസം പദ്ധതി

കൊട്ടാരക്കര പട്ടണത്തിലെ ഏക ടൂറിസം പദ്ധതിയാണ് മീൻപിടിപ്പാറ. എസ്.ജി കോളേജിന് പിന്നിലായാണ് മീൻപിടിപ്പാറ പദ്ധതി. എം.സി റോഡും കൊല്ലം​തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന സ്ഥലമെന്ന നിലയിൽ ഇതിൽ മീൻപിടിപ്പാറയ്ക്ക് വലിയ സാദ്ധ്യതകളുണ്ട്. പ്രവേശന ഫീസായി 20 രൂപ വാങ്ങുന്നുവെങ്കിലും ക്രമീകരണങ്ങളോ ശുചീകരണങ്ങളോ വേണ്ടവിധത്തിൽ നടക്കുന്നില്ല. ചൂണ്ടയിൽ കൊരുത്ത വലിയ മത്സ്യത്തിന്റെ ശില്പവും പാറക്കെട്ടുകളിൽ തട്ടിച്ചിതറിയൊഴുകുന്ന വെള്ളവും തൂക്കുപാലവുമാണ് ഇവിടുത്തെ ആകർഷണം. കുട്ടികൾക്ക് കളിക്കാനുള്ള മിനി പാർക്കുമുണ്ട്. കൂടുതൽ വികസനമെത്തിക്കുകയും വേണ്ടവിധത്തിൽ പരിപാലിക്കുകയും ചെയ്താൽ കൂടുതൽ ആളുകൾ ഇവിടേക്ക് എത്തും. എന്നാൽ ഇക്കാര്യത്തിൽ അധികൃതരുടെ അലംഭാവം പ്രകടമാണ്.