jayan

എഴുകോൺ: കേരള എക്‌സ്‌പ്രസിൽ ഡൽഹിയിൽ നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ കാണാതായ ചൊവ്വള്ളൂർ നല്ലയ്ക്കാട്ട് വീട്ടിൽ കെ.ജയന് വേണ്ടിയുള്ള അന്വേഷണം നിലച്ചു.

റെയിൽവേ സ്റ്റേഷനുകളും ഫോണും കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. കഴിഞ്ഞ ഡിസംബർ 22നാണ് ജയൻ നാട്ടിലേക്ക് തിരിച്ചത്. രാത്രി 11.23ന് ഭാര്യ യമുനയോട് ഫോണിൽ ഡൽഹിക്കടുത്തുള്ള മഥുരയിലെത്തിയെന്ന് അറിയിച്ചിരുന്നു. പിന്നീട് ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. 24ന് രാത്രി 11ന് ഫോൺ സ്വിച്ച് ഓഫായി. ട്രെയിൻ കൊല്ലം കടന്നുപോയിട്ടും ജയൻ വീട്ടിലെത്താതി​രുന്നപ്പോഴാണ് ബന്ധുക്കൾ റെയിൽവേ പൊലീസിലടക്കം പരാതി നൽകിയത്.

അന്വേഷണത്തിൽ ജയന്റെ സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും അടങ്ങിയ ഫയൽ കൊച്ചുവേളിയിലെ ഷണ്ടിംഗി​നിടെ ബോഗിയിൽ നിന്ന് ലഭിച്ചതായി ബന്ധുക്കളെ അറിയിച്ചു. മറ്റ് ലഗേജുകളൊന്നും ലഭിച്ചില്ല.

ചാലക്കുടിയിൽ എത്തിയപ്പോഴാണ് ഫോൺ സ്വിച്ച് ഓഫായതെന്ന് എഴുകോൺ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് കൂടുതൽ തെളിവുകൾ കണ്ടെത്താനാകാതെ അന്വേഷണം മന്ദഗതിയിലായി.

ഇതിനിടെ മറ്റൊരു ട്രെയിനിലെ യാത്രയ്ക്കിടെ മോശം ശാരീരിക സ്ഥിതിയിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ കണ്ടയാൾക്ക് ജയനുമായി സാമ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. സ്റ്റേഷനിലെ സി.സി ടി.വി. കാമറകൾ പ്രവർത്തന രഹിതമായതിനാൽ ഇക്കാര്യം സ്ഥിരീകരിക്കാനായില്ല.

ഡൽഹി എയർപോർട്ടിലെ സ്വകാര്യ ഫയർ സർവീസ് ജീവനക്കാരനായിരുന്ന ജയന്റേത് തീർത്തും നിർദ്ധനമായ പട്ടികജാതി കുടുംബമാണ്. അന്വേഷണം വഴിമുട്ടിയതോടെ തീർത്തും നിസഹായ നിലയിലാണ് ഭാര്യയും ഏഴാംക്ലാസിൽ പഠിക്കുന്ന മകളുമുള്ള കുടുംബം.