kmc

കൊല്ലം: ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടും നഷ്ടത്തിൽ കിതയ്ക്കുന്ന പള്ളിമുക്ക് മീറ്റർ കമ്പനിക്ക് (യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻ‌ഡസ്ട്രീസ്) സർക്കാരിന്റെ പ്രാണവായു.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും തെരുവ് വിളക്ക് പരിപാലനം മീറ്റർ കമ്പനിക്ക് വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചു. മിനിമാസ്റ്റ്, ഹൈമാസ്റ്റ്, എൽ.ഇ.ഡി ലൈറ്റ് എന്നിവയുടെ പരിപാലന ചുമതല കൈമാറാനാണ് തീരുമാനം.

പുതിയ തെരുവ് വിളക്കുകൾ വാങ്ങുന്നതിനും അറ്റകുറ്റപ്പണിക്കുമായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ പ്രതിവർഷം 200 കോടി ചെലവഴിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. സർക്കാർ തീരുമാനമാണെങ്കിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതിനോട് സഹകരിക്കുമെന്ന് മീറ്റർ കമ്പനി പ്രതീക്ഷിക്കുന്നില്ല.

എന്നാൽ ഘട്ടം ഘട്ടമായി വലിയൊരു വിഭാഗം സ്ഥാപനങ്ങളുമായി കരാറൊപ്പിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും തെരുവ് വിളക്കുകൾ വാങ്ങുന്നതും പരിപാലിക്കുന്നതും പ്രത്യേകം ടെണ്ടർ ക്ഷണിച്ചാണ്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ ചുമതല മീറ്റർ കമ്പനിയെ ഏൽപ്പിക്കാനാകും.

തെരുവ് വിളക്ക് പരിപാലനം മീറ്റർ കമ്പനിക്ക്

 തദ്ദേശ സ്ഥാപനങ്ങളുടെ തെരുവ് വിളക്ക് പരിപാലനം കൈമാറാൻ സർക്കാർ തീരുമാനം

 പരിപാലനം നേരിട്ട് ചെയ്യാനുള്ള ജീവനക്കാർ മീറ്റർ കമ്പനിക്കില്ല

 സബ് കോൺട്രാക്ട് നൽകിയാകും പരിപാലനം

 എൽ.ഇ.ഡി ലൈറ്റുകളുടെയും മറ്റ് സാമഗ്രികളുടെയും അറ്റകുറ്റപ്പണിയിലൂടെ ലാഭം പ്രതീക്ഷിക്കാം

 നിലവിലുള്ള എൽ.ഇ.ഡി ലൈറ്റ് നിർമ്മാണ യൂണിറ്റിലെ ഉത്പാദനം വർദ്ധിപ്പിക്കുന്നതും നേട്ടം

തദ്ദേശ സ്ഥാപനങ്ങളുടെ തെരുവ് വിളക്ക് പരിപാലന ചുമതല മീറ്റർ കമ്പനിക്ക് നൽകിയ സർക്കാർ തീരുമാനം വലിയ പ്രതീക്ഷ നൽകുന്നു. ഇത് സംബന്ധിച്ച ചർച്ച വൈകാതെ ആരംഭിക്കും.

എസ്.ആർ.വിനയകുമാർ, എം.ഡി

യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻ‌ഡസ്ട്രീസ്