കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന വിവാഹപൂർവ കൗൺസിലിംഗ് ക്യാമ്പിന്റെ 40-ാമത് ബാച്ചിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് നടക്കും. കൊല്ലം എസ്.എൻ വനിതാ കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ക്യാമ്പ് കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.സുന്ദര‌ൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതം പറയും. എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.അശ്വതി സുഗുണൻ, കൊല്ലം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ എന്നിവർ സംസാരിക്കും.

രണ്ടുദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കുടുംബത്തിന്റെ കെട്ടുറപ്പ്, സുരക്ഷിതത്വം, കുടുംബബന്ധത്തിലെ പവിത്രത, സ്ത്രീ പുരുഷ മനഃശാസ്ത്രം, സ്ത്രീ-പുരുഷ ലൈംഗികത, മദ്യപാന വിപത്ത്, കുടുംബ ബഡ്ജറ്റ് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരായ അദ്ധ്യാപകർ ക്ലാസ് നയിക്കും. കുടുംബ ജീവിതത്തെ സംബന്ധിച്ച് ഗുരുദേവദർശനങ്ങളും, നവയുഗത്തിലെ ശാസ്ത്രാവബോധവും സമന്വയിപ്പിച്ച് സുഭദ്രമായ കുടുംബ ജീവിതവും സാമൂഹ്യജീവിതവും നയിക്കാൻ യുവതീ യുവാക്കളെ പ്രാപ്തരാക്കുന്ന ക്യാമ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ അറിയിച്ചു.