കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീരകർഷക സംഗമം ‘പാലാഴി 2024’ കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ 27, 28 തീയതികളിൽ നടക്കുമെന്ന്‌ സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂയപ്പള്ളി ജഹോഷ് ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10ന്‌ പൂയപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.സരിത ഉദ്‌ഘാടനം ചെയ്യും. കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബി.ബിന്ദു അദ്ധ്യക്ഷയാകും. മറ്റന്നാൾ ഉച്ചയ്ക്ക് 12ന്‌ ക്ഷീരസംഗമവും പൊതുസമ്മേളനവും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. ജി.എസ്‌.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനാകും. ‘ക്ഷീരതീരം' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. പശുക്കൾക്കുള്ള സ്‌പെഷ്യൽ കെയർ പാക്കേജ്‌ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മന്ത്രി കെ.ബി.ഗണേശ് കുമാർ നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.ആർ.മോഹനൻ പിള്ള, ജനറൽ കൺവീനർ എസ്‌.മഹേഷ്‌ നാരായണൻ, ജോ. കൺവീനർ പ്രിൻസി ജോൺ എന്നിവർ പങ്കെടുത്തു.