കൊല്ലം: മാലിന്യ മുക്തനഗരം പദ്ധതിക്ക് കൂടുതൽ ഊന്നൽ നൽകാൻ നഗരസഭ. പദ്ധതിയുടെ ഭാഗമായി ബയോ ഗ്യാസ്​ പ്ലാന്റ്​, കമ്പോസ്റ്റ്​ പിറ്റ്​, ബയോ കമ്പോസ്റ്റ്​ ബിൻ എന്നിവ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. എല്ലാ ഡിവിഷനിൽ നിന്നും അപേക്ഷ സ്വീകരിച്ച് നൂറ് കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ ബയോ ഗ്യാസ്​ പ്ലാന്റ്​ നൽകും. 14,600 രൂപ വിലയുള്ള യുണിറ്റാണ് നൽകുന്നത്. എ.പി.എൽ വിഭാഗക്കാർ 1600 രൂപ അടക്കണം. പദ്ധതികൾക്ക്​ നഗരസഭ പണം അടച്ചെങ്കിലും അപേക്ഷകൾ വളരെ കുറവാണ്​ ലഭിച്ചത്​. ഇത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് മേയർ കൗൺസിലിനെ അറിയിച്ചു. സൗജന്യമായി നൽകുന്ന പ്ലാന്റ് ബി.പി.എൽ ഗുണഭോക്താക്കൾ വേണ്ടെന്ന്​ വെക്കുന്ന സാഹചര്യത്തിൽ നഗരസഭ ഹെൽത്ത്​ ഇൻസ്പെക്ടർമാർ നേരിട്ടെത്തി ബോധവത്​കരണം നടത്തും. നഗരസഭ നടപ്പാക്കിയ ഷീലോഡ്ജ് ലാഭം ലക്ഷ്യമാക്കിയല്ല നടത്തുന്നതെന്നും മേയർ വ്യക്തമാക്കി. ഭരണസമിതിയുടെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വേണ്ടി പ്രത്യേക കൗൺസിൽ വിളിക്കണമെന്ന്​ കോൺഗ്രസ്​ പാർലമെന്ററി പാർട്ടി അദ്ധ്യക്ഷൻ ജോർജ്​ ഡി.കാട്ടിൽ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.ജയൻ, എസ്.ഗീതാകുമാരി, യു.പവിത്ര, അഡ്വ.ഉദയകുമാർ, ജോർജ്.ഡി.കാട്ടിൽ, ദീപു ,ഗിരീഷ്, ടോമി, പുഷ്പാംഗദൻ, സജീവ്, ഹണി ബഞ്ചമിൻ എന്നിവർ സംസാരിച്ചു.