
തൊടിയൂർ: കേരളകൗമുദി വായനക്കാരിൽ ചിലരെങ്കിലും ആലിയ എന്ന അഞ്ചു വയസുകാരിയെ ഓർക്കുന്നുണ്ടാവും. മുഴങ്ങോടി മാരിമുത്താരമ്മൻ കോവിലിലെ 2006ലെ ഉത്സവ ദിനത്തിലായിരുന്നു മാതാവിനൊപ്പം നിന്ന ആറ് വയസുകാരി ആലിയയെ ഒരു മിനിലോറി തട്ടിവീഴ്ത്തിയത്. വാഹനത്തിന്റെ മദ്ധ്യത്തിൽ സമാന്തരമായി വീണ കുട്ടി കമ്പിയിൽ തൂങ്ങി വാഹനത്തിനൊപ്പം അല്പം മുന്നോട്ടു നീങ്ങിയപ്പോഴാണ് വാഹനം നിന്നത്. നിസാര പരിക്കോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ സംഭവം കേരളകൗമുദി അന്ന് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.
സംഭവം നടക്കുമ്പോൾ മുഴങ്ങോടി എൽ.വി യു.പി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആലിയ. പിന്നീട് കരുനാഗപ്പള്ളി ജി.എച്ച്.എസ്, തഴവ ഗവ. ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് 2022ൽ കൊല്ലം ടി.കെ.എം കോളേജിൽ നിന്ന് ബി.എസ്‌സി സുവോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.
ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ എം.എസ്‌സി അനാട്ടമി
വിദ്യാർത്ഥിനിയാണ്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാണ് ആലിയ. ഇന്നലെ വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ആലിയയ്ക്ക് സമ്മാനിച്ചു. തൊടിയൂർ വെളുത്ത മണൽ മുസ്ലിയാർ ഹൗസിൽ മുൻ ഗ്രാമ പഞ്ചായത്തംഗം എ.എ.അസീസിന്റെയും തൊടിയൂർ ഗ്രാമപഞ്ചായത്തംഗം സഫീന അസീസിന്റെയും മകളാണ് ആലിയ. അഖിൽ അഹമ്മദ് മുസ്ലിയാർ, അഖില അസീസ് എന്നിവർ സഹോദരങ്ങളാണ്.