കൊല്ലം: പരവൂർ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായി ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
ആത്മഹത്യ ജോലി സ്ഥലത്തെ മാനസിക പീഡനം മൂലമാണെന്ന തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അനീഷ്യയുടെ ശബ്ദസന്ദേശങ്ങളും ഡയറിയും ഇതിന് തെളിവാണ്. മരണത്തിന് കാരണക്കാരായ രണ്ട് വ്യക്തികളെ ഇതിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് നടത്തുന്നത്, അന്വേഷണത്തെ അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങളാണെന്ന് ബലപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഭിഭാഷകൻ വ്യാജ പ്രചാരണം നടത്തുന്നത്. അനീഷ്യയുടെ ആത്മഹത്യയ്ക്ക് ആധാരമായ മുഴുവൻ വിഷയങ്ങളും അന്വേഷിക്കുന്നതിനൊപ്പം വ്യാജ പ്രചാരണം നടത്തുന്ന അഭിഭാഷകനെതിരെയും അന്വേഷണം നടത്തണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് ഓച്ചിറ എൻ.അനിൽകുമാറും സെക്രട്ടറി പി.കെ.ഷിബുവും ആവശ്യപ്പെട്ടു.