കരുനാഗപ്പള്ളി: മണ്ണിന്റെയും മനുഷ്യന്റെയും മണമുള്ള പാട്ടുകൾ ജനമനസുകളിലേക്ക് എത്തിക്കാൻ മനോജ് എന്ന കലാകാരൻ നടത്തിയ പരിശ്രമങ്ങൾക്ക് അവാർഡിന്റെ തിളക്കം. സംസ്ഥാന ഫോക് ലോർ അക്കാഡമി ഇത്തവണ നാടൻ പാട്ടിന് നൽകിയ അവാർഡ് കരുനാഗപ്പള്ളി, കുലശേഖരപുരം, കോട്ടയ്ക്കുപുറം പഞ്ചായത്തോഫീസിന് സമീപം ശശി ഭവനത്തിൽ ആർ.മനോജിനാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നാടൻ പാട്ടിന്റെ ഹൃദയ താളം ഏറ്റെടുത്ത് അവയെ ജനകീയമാക്കാൻ നടത്തിയ പരിശ്രമങ്ങളാണ് മനോജിനെ അവാർഡിന് അർഹനാക്കിയത്. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലും നിരവധി ഓഡിയോ ആൽബങ്ങളിലും മനോജ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. നാടൻ കലാരൂപമായ കരടി കളിയെ കുറിച്ച് ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. 2017ൽ ഫോക് ലോർ അക്കാഡമി വജ്ര ജൂബിലി ഫെലോഷിപ്പ് നൽകി ആദരിച്ചിരുന്നു. ഇപ്പോൾ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ആയി പ്രവർത്തിച്ചുവരികയാണ്.തിരുവനന്തപുരം സംസ്കൃത കോളേജ്, കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മനോജ് നാടൻ പാട്ടുകളെ കുറിച്ചുള്ള പഠനവും അന്വേഷണവും പരിശീലന പരിപാടികളും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.പുരോഗമന കലാസാഹിത്യസംഘം വില്ലേജ് സെക്രട്ടറിയും കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗമായും കുലശേഖരപുരം എൻ.എസ് ലൈബ്രറി വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചു വരികയാണ്. ദീപ്തിയാണ് ഭാര്യ.