s

കൊല്ലം: വഴിമദ്ധ്യേ കരിങ്കൊടികാട്ടി ഗോ ബാക്ക് വിളിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കു മുന്നിലേക്ക് രാേഷാകുലനായി ഇറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധസമരവുമായി നടുറോഡിൽ. എം.സി റോഡിൽ നിലമേൽ ജംഗ്ഷനിൽ ഇന്നലെ രാവിലെ 10.40നായിരുന്നു സംഭവം.

അവിടെ ഇരുന്നുകൊണ്ടുതന്നെ അദ്ദേഹം

ഫോണിൽ വിഷയം കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പൊലീസിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങിയില്ല. പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പൊലീസ് കാണിച്ച് ബോധ്യപ്പെട്ടശേഷമാണ് മടങ്ങിയത്. അപ്പോൾ സമയം 12.40 ആയി. രണ്ടു മണിക്കൂറാണ് ഗവർണർ തെരുവിൽ പ്രതിഷേധിച്ചത്.

കൊട്ടാരക്കര സദാനന്ദപുരത്തെ അവധൂത ആശ്രമത്തിൽ സ്വാമി സദാനന്ദയുടെ സമാധി ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു ഗവർണർ.

സർവകലാശാലകളുമായി ബന്ധപ്പെട്ട് ചാൻസലർ എന്ന നിലയിൽ സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിക്കാൻ എസ്.എഫ്. ഐ കരിങ്കൊടി കാട്ടുന്നത് ഇതിനുമുമ്പും ഗവണറെ പ്രകോപിപ്പിച്ചിരുന്നു.

എസ്.എഫ്.ഐ പ്രവർത്തകർ 'സംഘി ചാൻസലർ ഗോ ബാക്ക് " എന്ന ബാനറുമായി നേരത്തേതന്നെ എത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രതിഷേധക്കാരെ മാറ്റിയില്ല. ഗവർണറുടെ വാഹനം വരുന്നത് കണ്ട പ്രതിഷേധക്കാർ ബാനർ ഉയർത്തി കരിങ്കൊടി കാട്ടി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു.

മുന്നിൽ പോയ ലോറി നിറുത്തിയതോടെ ഗവർണറുടെ വാഹനവും നിറുത്തേണ്ടി വന്നു. പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധക്കാരുടെ മുന്നിലേക്ക് നടന്നു. സംരക്ഷണം നൽകാൻ ഓടിയെത്തിയ പൊലീസുകാരോട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ആക്രോശിച്ചു. പൊലീസ് പ്രതിഷേധക്കാരെ കടകൾക്കുള്ളിലേക്ക് തള്ളിക്കയറ്റി. വിദ്യാർത്ഥിനി ഉൾപ്പെടെ 12 പേരെ കസ്റ്രഡിയിലെടുത്ത് ജീപ്പിൽ കൊണ്ടുപോയെങ്കിലും ഗവർണർ ശാന്തനായില്ല.

കസ്റ്റഡിയിലെടുത്ത 12 പേർ ഉൾപ്പെടെ 17 പേർക്കെതിരെയുള്ള എഫ്.ഐ.ആർ പൊലീസ് കൊണ്ടുവന്ന് കാട്ടിയതോടെയാണ് ഗവർണർ എഴുന്നേറ്റത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് 12.40 ഓടെ യാത്ര തുടർന്നു.

ഡൽഹിയിലേക്ക് വിളിച്ചു

ജംഗ്ഷനിലെ കടയിൽ നിന്ന് കസേര എടുത്താണ് റോഡുവക്കിലെ നടപ്പാതയിലിരുന്നത്. അപ്പോഴും പൊലീസിനുനേരെ ശകാരം തുടർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് വിവരം ധരിപ്പിച്ചു. സ്ഥലത്തെത്തിയ റൂറൽ എസ്.പി കെ.എം.സാബു മാത്യുവിനോട് 'നിങ്ങളാണ് ഉത്തരവാദി" എന്ന് പറഞ്ഞ് ശകാരിച്ചു. പന്ത്രണ്ട് മണിയോടെ വിളിച്ച ഡി.ജി.പിയോടും 'ഗുണ്ടകളെ റോഡിൽ അഴിഞ്ഞാടാൻ വിടുന്നത് നിങ്ങളാണ് " എന്ന് പറഞ്ഞ് തട്ടിക്കയറി. എത്രയും വേഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ റൂറൽ എസ്.പിയോട് നിർദ്ദേശിച്ചു.

പൊലീസിന്റെ വീഴ്ച

ഗവർണർ വരുന്നതിന് അര മണിക്കൂർ മുമ്പേ എസ്.എഫ്.ഐ പ്രവർത്തകർ റോഡുവക്കിൽ കറുത്ത ബാനറുമായി കാത്തുനിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൂടുതൽ പൊലീസ് എത്തിയെങ്കിലും പ്രതിഷേധക്കാരെ നീക്കാൻ തയ്യാറായില്ല. ഗവർണറുടെ റൂട്ട് മാറ്റാനുള്ള ഇടപെടലും ഉണ്ടായില്ല.