puli

കൊല്ലം: കാൽനട യാത്രക്കാരെ വീഴ്ത്തി തങ്കശേരി പുലിമുട്ടിലൂടെയുള്ള നടപ്പാത. നടപ്പാതയുടെ പലഭാഗത്തും മെറ്റൽ കൂനകൾ പൊങ്ങി നിൽക്കുന്നതാണ് വില്ലനാകുന്നത്. കഴിഞ്ഞ ദിവസം സായാഹ്ന സവാരിക്കെത്തിയ സ്ത്രീ വീണ് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. പരാതിപ്പെട്ടാൽ പ്രവേശനം നിരോധിക്കുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.

പ്രഭാത - സായാഹ്ന സവാരിക്കാരുടെ ഇഷ്ടയിടമാണ് പുലിമുട്ട്. കടൽ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. സമീപത്തെ ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിൽ എത്തുന്നവരും പുലിമുട്ടിലൂടെ നടന്നാണ് കടലിന്റെ പൂർണ സൗന്ദര്യം ആസ്വദിക്കുന്നത്.

ആദ്യകാലത്ത് ഇവിടേയ്ക്ക് പ്രവേശനം ഇല്ലായിരുന്നു. എന്നാൽ പ്രഭാത സവാരിക്കാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയാണ് പ്രവേശനത്തിന് ഉത്തരവിട്ടത്. ഇടയ്ക്ക് താഴ് വീണതോടെ കഴിഞ്ഞ സെപ്തംബറിൽ ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് അതേ മാസം തന്നെ സവാരി നടത്തുന്നവർക്കുൾപ്പെടെ പ്രവേശനം അനുവദിക്കുകയായിരുന്നു.

ദിവസവും നൂറുകണക്കിന് പേരാണ് ഇവിടേക്ക് എത്തുന്നത്. അവധി ദിവസങ്ങൾ എണ്ണം ഇരട്ടിക്കും. പുലിമുട്ടിന്റെ ഒരുവശം കമ്പിവേലികൾ കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇടയ്ക്കിടയ്ക്കുള്ള മെറ്റൽ കൂനകൾ മാറ്റി നടപ്പാതയിലൂടെയുള്ള യാത്ര സുഗമമാക്കണമെന്നാണ് കാൽനടയാത്രക്കാരുടെ ആവശ്യം.

ദൈർഘ്യം - 2.1 കിലോ മീറ്റർ

പ്രവേശന സമയം - രാവിലെ 10 മുതൽ രാത്രി 7 വരെ

ചാർജ് ₹ 10

പുലിമുട്ട് പുനരുദ്ധാരണത്തിന് നബാ‌ർഡിൽ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. നടപ്പാത നവീകരണത്തിനുള്ള നടപടികൾ നടക്കുകയാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണും.

ഹാർബർ എൻജിനിയറിംഗ് അധികൃതർ