
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കുതല റിപ്പബ്ളിക് ദിനാഘോഷം വർണാഭമായി. രാവിലെ മിനി സിവിൽസ്റ്റേഷൻ അങ്കണത്തിൽ ജി.എസ്.ജയലാൽ എം.എൽ.എ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഗാന്ധിചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. പൊലീസ്, എക്സൈസ്, എസ്.പി.സി, മോട്ടോർ വാഹന വകുപ്പ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി എന്നിവയുടെ പരേഡ് നടന്നു. തുടർന്ന് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി ഹെഡ് പോസ്റ്റ് ഓഫീസ്, ചന്തമുക്ക്, പുലമൺ ജംഗ്ഷൻ വഴി രവിനഗറിൽ സമാപിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, സംഘടനകളുടെ പ്രവർത്തകർ, നേഴ്സിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾ, ബാന്റുമേളം, മുത്തുക്കുടകൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവ റാലിക്ക് കൊഴുപ്പേകി. തഹസീൽദാർ പി.ശുഭൻ, ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ, നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, വൈസ് ചെയർപേഴ്സൺ വനജ രാജീവ്, ജനറൽ കൺവീനർ പ്രശാന്ത് കാവുവിള എന്നിവർ നേതൃത്വം നൽകി. ഘോഷയാത്ര വീക്ഷിക്കാൻ ആയിരങ്ങൾ പട്ടണത്തിൽ എത്തിയിരുന്നു. സമാപന സമ്മേളനത്തിൽ സമ്മാനദാനവും നടത്തി.