
കൊല്ലം: കേരളത്തിൽ നിയമവാഴ്ച ഇല്ലാതാകുന്നുവെന്നും ഇതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിൽ സ്വാമി അവധൂത സദാനന്ദയുടെ നൂറാം സമാധി വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണ വീഴ്ചകൾ മറയ്ക്കാനാണ് സർക്കാർ എന്നെ പിന്തുടരുന്നത്. ഞാൻ എവിടെ പോയാലും പിന്തുടരുകയാണ്. പ്രതിസന്ധികളെയും ഭീഷണികളെയും ചങ്കൂറ്റത്തോടെ നേരിടുമെന്ന് ഗവർണർ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ആദർശമാണ് ഇക്കാര്യത്തിൽ പിന്തുടരുന്നത്. ശക്തമായി എതിർത്തുനിന്നാൽ അവർ പിന്തിരിയും. കടുവയെപ്പോലെ പാഞ്ഞുവന്നവർ ചെന്നായ്ക്കളെപ്പോലെ ഓടിയൊളിച്ചു. പൊലീസിനെ കുറ്റം പറയുന്നില്ല. പൊലീസിനെ നയിക്കുന്നവരാണ് ആസൂത്രകർ.
സംഘർഷത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമം. മുപ്പതും നാൽപ്പതും വർഷം സേവനം ചെയ്തവർക്ക് പെൻഷൻ നൽകാൻ കഴിയുന്നില്ല. പകരം ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.
ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി അദ്ധ്യക്ഷനായി.