കൊല്ലം: കലാപങ്ങളുടെ ഇടയിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണർ ആശ്രമ കവാടം കടന്നതോടെ ശാന്തനായി. തൊഴുകൈകളോടെ ചിരിമുഖത്തോടെയാണ് സമ്മേളന വേദിയിലേക്ക് നടന്നുകയറിയത്.

ദേശീയഗാനത്തിന് ശേഷം മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. സദാനന്ദ സ്വാമിയെപ്പറ്റിയും ആശ്രമത്തെപ്പറ്റിയും എഴുതിത്തയ്യാറാക്കിയ പ്രസംഗം മലയാളത്തിൽ പറഞ്ഞ ശേഷം താൻ രണ്ട് മണിക്കൂർ താമസിച്ചതിന് ക്ഷമാപണം നടത്തി. തുടർന്ന് സംസ്ഥാന സർക്കാരിനെതിരെയും പ്രതിഷേധത്തിനെതിരെയുമായി പ്രസംഗം. പതിനഞ്ച് മിനിട്ട് നീണ്ട പ്രസംഗത്തിന് ശേഷം വിവിധ മേഖലകളിലെ പ്രതിഭകൾക്ക് അദ്ദേഹം പുരസ്കാരങ്ങൾ നൽകി. ഇന്ത്യാ ബുക്സ് ഒഫ് റെക്കാഡ് ജേതാവും കവിയുമായ ആർ.എസ്.ദീപുവിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മനസിലാക്കി ഗവർണർ വേദിക്ക് താഴെയിറങ്ങിവന്നാണ് ആദരവ് നൽകിയത്. തുടർന്ന് സമ്മേളന സ്ഥലത്തുനിന്ന് ഇറങ്ങി ആശ്രമത്തിലെത്തി പുഷ്പാർച്ചന നടത്തി. പതിനഞ്ച് മിനിട്ടുകൂടി ആശ്രമ പരിസരത്ത് ചെലവിട്ട ശേഷമാണ് ഗവർണർ മടങ്ങിയത്. നിലമേലിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ വൻ പൊലീസ് സന്നാഹമാണ് സദാനന്ദപുരത്ത് സജ്ജമാക്കിയിരുന്നത്.

പ്രസംഗത്തിനിടെ ഫോൺ കോൾ

ഗവർണർ പ്രസംഗിക്കുന്നതിനിടെ മൊബൈൽ ഫോൺ ബെല്ലടിച്ചു. അൽപ്പ സമയം ഫോണിൽ സംസാരിച്ച ശേഷമാണ് ഗവർണർ പ്രസംഗം തുടർന്നത്. നിലമേൽ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നുള്ള പ്രതിനിധിയുടെ ഫോൺ കോളായിരുന്നുവെന്നാണ് അനുമാനം.