
കൊല്ലം: കുടുംബ ബഡ്‌ജറ്റ് താളം തെറ്റിച്ചിരുന്ന പച്ചക്കറി വില താഴേക്കിറങ്ങിയപ്പോൾ അരി വില വീണ്ടും കുതിക്കുന്നു. ലഭ്യത ഉയർന്നതും ആഘോഷ ദിവസങ്ങൾ കഴിഞ്ഞതുമാണ് പച്ചക്കറി വില കുറയാൻ കാരണം.
എട്ട് മുതൽ 25രൂപ വരെയാണ് കിലോയ്ക്ക് വില കുറഞ്ഞത്. കഴിഞ്ഞ 15ന് മുമ്പ് 60 രൂപയായിരുന്ന വെണ്ടയ്ക്കായ്ക്ക് നിലവിൽ 40 രൂപയാണ് വില. സവാളയാണ് വിലക്കുറവിൽ മുന്നിൽ. മൊത്തവില കിലോയ്ക്ക് 35 രൂപയാണ്. തക്കാളി വില 40 രൂപയിലേയ്ക്ക് താഴ്ന്നു.
വില കുറഞ്ഞതോടെ പച്ചക്കറി കിറ്റുകൾക്കും ആവശ്യക്കാരേറി. സ്ഥിരം വാങ്ങുന്ന പച്ചക്കറികൾക്ക് പുറമേ പുതുതലമുറ പച്ചക്കറികൾക്കും ആവശ്യക്കാരേറിയിട്ടുണ്ട്. ഓൺലൈൻ പാചക വീഡിയോകൾ തരംഗമായതും പാചക പരീക്ഷണങ്ങൾക്കുമാണ് സ്പ്രിംഗ് ഒനിയൻ, സെലറി, റെഡ് റാഡിഷ്, കളർ ക്യാപ്‌സിക്കം, ബ്രോക്കോളി, ചൈനീസ് ക്യാബേജ് എന്നിവ വാങ്ങുന്നത്.
നേരത്തെ ചൈനീസ് റെസ്‌റ്റോറന്റുകളും കഫേകളുമാണ് ഇത്തരം പച്ചക്കറികൾ വാങ്ങിയിരുന്നത്. സൂപ്പർ മാർക്കറ്റുകളിൽ മാത്രം ലഭിച്ചിരുന്ന പ്രീമിയം പച്ചക്കറികൾ ഇന്ന് നാടൻ മലക്കറി കടകളിൽ പോലും സുലഭമാണ്. 150 രൂപ മുതൽ മുകളിലേക്കാണ് വില.
ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പച്ചക്കറികൾ വേഗം ചീത്തയാകുന്നതും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മദ്ധ്യവേനൽ അവധിക്ക് സ്‌കൂളുകൾ അടയ്ക്കുകയും നോമ്പ് ആരംഭിക്കുകയും ചെയ്യുന്നതോടെ കച്ചവടം വീണ്ടും കുറഞ്ഞേക്കും.
അരിയുടെ വിലയിൽ എട്ട് രൂപ വരെയാണ് കിലോയ്ക്ക് വർദ്ധിച്ചിരിക്കുന്നത്. ജയ അരി കിലോയ്ക്ക് 48നും 52നും ഇടയിലാണ് ചില്ലറ വില. മട്ട അരി 47 നും 50നും ഇടയിലും.
ജില്ലയിൽ കൂടുതലായും ജയ അരിയാണ് ഉപയോഗിക്കുന്നത്. ആന്ധ്രയിൽ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
പിടിവിട്ട് വെളുത്തുള്ളി
സ്വർണത്തിന് പിന്നാലെ വെളുത്തുള്ളിക്കും പൊന്നും വില. നിലവിൽ 280നും 300നും ഇടയിലാണ് വില. കഴിഞ്ഞ മാസം പകുതി വരെ വില 150 രൂപയിൽ താഴെയായിരുന്നു. മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വെളുത്തുള്ളി പ്രധാനമായും എത്തുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് വില വർദ്ധനയ്ക്ക് കാരണം.
ചില്ലറ വിൽപ്പന വില (കിലോയ്ക്ക്)
സവാള ₹ 40
കിഴങ്ങ് ₹ 35
തക്കാളി ₹ 40
വെണ്ടയ്ക്ക ₹ 40
അമര പയർ ₹ 50
ബീൻസ് ₹ 70
ക്യാരറ്റ് ₹ 70
ബീറ്റ്‌റൂട്ട് ₹ 60
കത്രിക്ക ₹ 40
ചേന ₹ 60
പച്ചമുളക് ₹ 80
മത്തൻ ₹ 40
മുരിങ്ങയ്ക്ക ₹ 150
ഇഞ്ചി ₹ 160
ജയ അരി ₹ 44-46 സുലേഖ ₹ 43-45 പാലക്കാടൻ മട്ട (ഉണ്ടയരി) ₹ 48.50-50
വില താഴ്ന്നിട്ടും കച്ചവടം മോശമാണ്. പച്ചക്കറി വ്യാപാര മേഖല സ്തംഭനാവസ്ഥയിലാണ്. സർക്കാരിന്റെ പുതിയ നയങ്ങൾ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു.
എം.ജെ.അൻവർ, ജനറൽ സെക്രട്ടറി
കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ