photo

 തോട് സംരക്ഷണത്തിനായുള്ള പദ്ധതികൾ നടപ്പായില്ല

കൊട്ടാരക്കര: പദ്ധതികളെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതോടെ നിലനിൽപ്പിനായി ചക്രശ്വാസം വലിക്കുകയാണ് കൊട്ടാരക്കര പുലമൺ തോട്. വേനൽക്കാലത്തിന്റെ ആരംഭമായതോടെ തോട്ടിൽ നീരൊഴുക്കില്ല. ഇതോടെ മാലിന്യം കുന്നുകൂടുകയാണ്. പായലും കുറ്റിക്കാടും മാലിന്യവും നിറഞ്ഞ് തോട് നശിക്കുമ്പോഴും അധികൃതർക്ക് കണ്ടഭാവമില്ല. തോട് തീർത്തും കാണാനാകാത്തവിധം പുൽച്ചെടികളും ചെറുവൃക്ഷങ്ങളും വളർന്ന് പന്തലിച്ചിരിക്കുകയാണ്. മീൻപിടിപ്പാറയിൽ നിന്നാണ് പുലമൺ തോടിന്റെ തുടക്കം. പട്ടണത്തിന്റെ നടുക്കുകൂടി ഒഴുകുന്ന തോട് ഒരുകാലത്ത് തെളിനീരുറവയായിരുന്നു. എന്നാലിപ്പോൾ ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങളാണ് ഒഴുകുന്നത്. തോട്ടിലേക്ക് തുറക്കുന്ന പൈപ്പുകളും ഓടകളുമുണ്ട്. കൊട്ടാരക്കര പട്ടണത്തിന്റെ മുഖശ്രീയാകേണ്ട തോടാണ് ദയനീയമായി നശിക്കുന്നത്.

പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികൾ

പുലമൺ തോടിന്റെ സംരക്ഷണത്തിന് വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെങ്കിലും നാളിതുവരെ നടപ്പാക്കാനായിട്ടില്ല. കഴിഞ്ഞ സർക്കാർ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 13.92 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. ഇടക്ക് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ശ്രമവും നടത്തി. പട്ടണത്തിന്റെ നടുവിലൂടെ ഒഴുകുന്ന തോടായതിനാൽ സൗന്ദര്യവത്കരണം നടത്തി സഞ്ചാരികളെ ആകർഷിക്കാമെന്ന് കണക്കുകൂട്ടിയുള്ള പദ്ധതികളുമുണ്ടായിരുന്നു. മീൻപിടിപ്പാറ ടൂറിസവുമായി ബന്ധപ്പെടുത്തി ബോട്ടിംഗ് ഉൾപ്പടെയുള്ള സൗകര്യങ്ങളൊരുക്കാനും ആലോചിച്ചിരുന്നു. തോടിന്റെ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തി വശങ്ങളിൽ പൂമരങ്ങളും ചെടികളും വച്ചുപിടിപ്പിക്കാനും പദ്ധതിയിട്ടതൊക്കെ വെറുതെയായി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട് വൃത്തിയാക്കാൻപോലും നഗരസഭ തയ്യാറായിട്ടില്ല.

പാർക്ക് സ്ഥാപിക്കണം

കൊല്ലം-തിരുമംഗലം ദേശീയ പാത കടന്നുപോകുന്നത് പുലമൺ തോടിന് കുറുകെയാണ്. ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും വേണ്ടുവോളം വീതിയുണ്ട്. തോടിന്റെ വശങ്ങൾ കെട്ടി മേൽമൂടി സ്ഥാപിച്ചാൽ പാർക്ക് നിർമ്മിക്കാൻ കഴിയും. സായന്തനങ്ങൾ ചെലവഴിക്കാൻ പട്ടണത്തിൽ നിലവിൽ സൗകര്യങ്ങളില്ല. കുട്ടികളുടെ കളിക്കോപ്പുകളും വിശ്രമ ഇരിപ്പിടങ്ങളും അലങ്കാര കൗതുകങ്ങളും ലൈറ്റിംഗ് സംവിധാനവുമൊരുക്കിയാൽ ഇവിടം സുന്ദരമാക്കാം.

പുലമൺ തോടിന്റെ വിഷയം ഗൗരവമായെടുക്കും. വികസന പദ്ധതികൾ ഏറ്റെടുക്കും. കാലതാമസമില്ലാതെ ഈ ദോഷകരമായ അവസ്ഥക്ക് പരിഹാരം ഉണ്ടാക്കും. സൗന്ദര്യവത്കരണമടക്കം നടപ്പാക്കും.

എസ്.ആർ.രമേശ്,

നഗരസഭ ചെയർമാൻ