കൊല്ലം: എ.പി.പി എസ്.അനീഷ്യയുടെ ആത്മഹത്യാ കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. കൊല്ലം ബാറിലെ സി.പി.എമ്മുകാരനായ പബ്ലിക് പ്രോസിക്യൂട്ടറുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റൽ തെളിവുകളും ഡയറി കുറിപ്പും പുറത്തുവന്നിട്ടും കേസ് അന്വേഷണം കാര്യക്ഷമമാക്കാത്തത് രാഷ്ട്രീയ ഇടപെടലാണ്. ദൃക്‌സാക്ഷിയായ അഭിഭാഷകന്റെ മൊഴി പോലും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ച് കൈ കഴുകാനാണ് പൊലീസ് ശ്രമം. അനീഷ്യയുടെ കുടുംബത്തിന് നീതി ഉറപ്പാക്കും വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.