
അഞ്ചാലുംമൂട്: സി.കെ.പിയിൽ അഞ്ചംഗ സംഘം വീട് കയറി ആക്രമണം നടത്തുന്നതിനിടയിൽ തടസം പിടിക്കാനെത്തിയ ഹൃദ്രോഗിയായ ഗൃഹനാഥൻ മരിച്ചു. കോട്ടയ്ക്കകം കോക്കാട് വീട്ടിൽ ജി.മോഹനൻ പിള്ളയാണ് (68) മരിച്ചത്.
ഇയാളുടെ സഹോദരൻ ശ്രീജിത്ത്, ബന്ധു ഗോപാലകൃഷ്ണപിള്ള എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ടിനാണ് സംഭവം. കേസിൽ ഒരാളെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. മുരുന്തൽ സ്വദേശി വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചാലുംമൂട്ടിൽ നടന്ന ഉത്സവത്തിനിടയിൽ വിഷ്ണുവിന്റെ സഹോദരിയെ മരിച്ച മോഹനൻ പിള്ളയുടെ അനന്തരവൻ ആദർശ് ശല്യം ചെയ്തുവെന്ന് പറഞ്ഞ് തർക്കമുണ്ടായിരുന്നു. ഇത് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചിരുന്നു.
തുടർന്ന് രാത്രി 2ന് വിഷ്ണുവും സുഹൃത്തുക്കളും അടങ്ങുന്ന സംഘം ബൈക്കിൽ ആദർശിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ബഹളം കേട്ട് മോഹനൻ പിള്ളയും ശ്രീജിത്തും ഗോപാലപിള്ളയും പുറത്തിറങ്ങി. തുടർന്ന് ഇവരുമായി സംഘം വാക്കുതർക്കത്തിലായി.
ഇതിനിടയിൽ മോഹനൻ പിള്ളയെ അക്രമിസംഘം നെഞ്ചിൽ ചവിട്ടി വീഴ്ത്തി. ശ്രീജിത്തിന്റെ തലയ്ക്കും ഗോപാലകൃഷ്ണപിള്ളയുടെ കൈയ്ക്കും കമ്പി വടിക്കുള്ള അടിയിൽ പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.
മോഹനൻ പിള്ളയെ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റുമോർട്ടത്തിൽ ഹൃദയാഘാതമാണെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ടിലുള്ളത്. മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ: ഗീതാകുമാരി അമ്മ. മക്കൾ: ദേവി, ദിവ്യ. മരുമക്കൾ: അനീഷ്, അപ്പു.
വിഷ്ണുവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും അഞ്ചാലുംമൂട് സി.ഐ ധർമ്മജിത്ത് പറഞ്ഞു.