കൊല്ലം: ചവറ തെക്കുംഭാഗം നടുവത്ത് ചേരിയിൽ അനീഷ് ഭവനത്തിൽ അനീഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. കൊട്ടാരക്കര അഡീഷണൽ സെഷൻസ് (എസ്.സി.എസ്.ടി, സ്‌പെഷ്യൽ) കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് തെക്കുംഭാഗം ചക്കിട്ട പടിഞ്ഞാറ്റതിൽ ശ്രീജിത്തിനെ വെറുതെ വിട്ടത്. 2014 ഒക്‌ടോബർ 21ന് രാത്രി 9.15നായിരുന്നു സംഭവം.
തെക്കുംഭാഗം പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് ഫയൽ ചെയ്ത കേസിന്റെ വിചാരണ നടക്കുന്നതിനിടയിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് കരുനാഗപ്പള്ളി എ.സി.പി അന്വേഷണം നടത്തി വീണ്ടും റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ 27സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷൻ തെളിവുകൾ കുറ്റം തെളിയിക്കുന്നതിന് പര്യാപ്തമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിഭാഗത്തിന് വേണ്ടി വിഭു.ആർ.നായർ, ബീനകൃഷ്ണൻ, അനഘ ബാബു എന്നിവർ ഹാജരായി.