കൊല്ലം: ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഡി.ഹണ്ട് പരിശോധനയിൽ ഓച്ചിറ, കരുനാഗപ്പള്ളി സ്‌റ്റേഷനുകളിലായി എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കരുനാഗപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിൽ 3.1 കിലോഗ്രാം കഞ്ചാവുമായി കരുനാഗപ്പള്ളി പടവടക്ക് ബിൻഷാദ് മൻസിലിൽ മിദിലാജും(23), ഓച്ചിറ പൊലീസ് നടത്തിയ പരിശോധനയിൽ 1.4 ഗ്രാം എം.ഡി.എം.എയുമായി ഓച്ചിറ വയനകം കൃഷ്ണഭവനത്തിൽ അതുൽ(30) എന്നിവരാണ് പിടിയിലായത്. ലഹരിമരുന്ന് വിതരണക്കാരെ കുറിച്ച് പൊലീസ് ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്. പിടിയിലായ അതുൽ നിരവധി കേസുകളിൽ ഉൾപ്പെട്ട് കാപ്പാ നടപടി നേരിട്ടയാളാണ്. ഓച്ചിറ പൊലീസ് ഇൻസ്‌പെക്ടർ നിസാമുദിന്റെ നേതൃത്വത്തിലാണ് ഓച്ചിറയിൽ പൊലീസ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, ഷാജിമോൻ എന്നിവരടങ്ങിയ സംഘമാണ് കരുനാഗപ്പള്ളിയിൽ പരിശോധന നടത്തിയത്. ജില്ലയിൽ ലഹരി സംഘങ്ങൾക്കെതിരെ തുടർന്നും ശക്തമായ പരിശോധനകൾ നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.