
കൊല്ലം: നഗരവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് വിവിധ വാർഡുകളിലായി കോർപ്പറേഷൻ നേതൃത്വത്തിൽ 6 ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ സ്ഥാപിച്ചു. 9 എണ്ണമാണ് ലക്ഷ്യമിടുന്നത്. പരിശോധനമുറി, ഫാർമസി, നിരീക്ഷണമുറി, നഴ്സിംഗ് സ്റ്റേഷൻ, വെൽനെസ് റൂം, ശൗചാലയം, കാത്തിരിപ്പുകേന്ദ്രം എന്നിവ അടങ്ങുന്നതാണ് സെന്റർ. ടെലിമെഡിസിൻ സംവിധാനവും ലഭ്യമാണ്. ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 7 വരെയാകും പരിശോധന. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ്, മൾട്ടി പർപ്പസ് വർക്കർ എന്നിവരുടെ സേവനം സെന്ററുകളിൽ ലഭിക്കും. ജീവനക്കാരുടെ നിയമന നടപടികൾ പൂർത്തിയായതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
ആലാട്ടുകാവ്, തിരുമുല്ലാവാരം, കോളേജ് ഡിവിഷൻ, തെക്കേവിള, താമരക്കുളം, തങ്കശ്ശേരി എന്നിവിടങ്ങളിൽ ഫെബ്രുവരി ആറിന് പ്രവർത്തനം ആരംഭിക്കും. ബാക്കിയുള്ള മൂന്ന് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ നിർമ്മാണ നടപടികൾ ആരംഭിച്ചു. പതിനഞ്ചാം ധനകമ്മീഷൻ ഹെൽത്ത് ഗ്രാന്റിൽ നിന്നാണ് പദ്ധതിക്കുള്ള തുക അനുവദിച്ചത്. 6.01 കോടിയാണ് ആകെ ചെലവ്. താമരക്കുളം, കോളേജ് ഡിവിഷൻ എന്നീ രണ്ട് സെന്ററുകൾ കോർപ്പറേഷന്റെ സ്വന്തം കെട്ടിടങ്ങളിലും ബാക്കിയുള്ളവ വാടക കെട്ടിടങ്ങളിലും പ്രവർത്തിക്കും. വാടക കെട്ടിടങ്ങൾക്ക് മാസം 30,000 രൂപ വരെ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സ്ത്രീജന്യ രോഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ
ജീവനക്കാരുടെ യോഗ്യതയും ശമ്പളനിരക്കും ദേശീയ ആരോഗ്യ ദൗത്യത്തിലെ സേവന വേതന വ്യവസ്ഥകൾ അനുസരിച്ചാണ് നിർണയിച്ചിട്ടുള്ളത്. രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ എന്നിവ പരിശോധിക്കാനും സൗകര്യമുണ്ടാവും. സ്ത്രീജന്യ രോഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകും. കൂടാതെ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യബോധവത്കരണ ക്യാമ്പുകളും സംഘടിപ്പിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടുതൽ പ്രാഥമികാരോഗ്യ സൗകര്യങ്ങൾ ആവശ്യമുള്ളതിനാലാണ് ആരോഗ്യമേഖലയിലെ ഗ്രാന്റ് വിനിയോഗിച്ച് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ഒരുക്കിയിട്ടുള്ളത്.
പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ തുടങ്ങുന്നത്.ആരോഗ്യ നഗരമാണ് ലക്ഷ്യം
പ്രസന്ന ഏണസ്റ്റ്, മേയർ