elizhabath

കൊല്ലം: തെരുവിൽ നിന്ന് ലഭിച്ച നായ്ക്കുട്ടികൾക്ക് പുതുജീവിതം സമ്മാനിച്ച് ഇറ്റാലിയൻ സ്വദേശിനിയായ എലിസബത്ത്. കൂടെക്കൂട്ടി ഭക്ഷണവും പരിചരണവും നൽകിയതിനൊപ്പം രോഗം വന്നപ്പോൾ ആശുപത്രിയിലുമെത്തിച്ചു.

മൺറോത്തുരുത്തിലെ മുള്ളവയലിൽ ഹോം സ്റ്റേയിൽ താമസിക്കുന്നതിനിടയിലാണ് ഭക്ഷണം കിട്ടാതെ അലഞ്ഞുതിരിഞ്ഞ രണ്ട് നായ്ക്കുട്ടികളെ ശ്രദ്ധിച്ചത്. കരഞ്ഞ് അടുത്തുകൂടിയപ്പോൾ കൈയിലുണ്ടായിരുന്ന ബിസ്ക്കറ്റ് നൽകി. സമീപത്തെ ചായക്കടയിൽ നിന്ന് പാലും വാങ്ങി നൽകിയപ്പോൾ ഇവരുവരും എലിസബത്തിന്റെ പിന്നാലെ കൂടി. ആണിന് യുബി എന്നും പെണ്ണിന് അമിയ എന്നും പേരിട്ടു.
ഇതിനിടെ ഇരുവർക്കും അസുഖം പിടിപെട്ടു. സുഹൃത്ത് അനന്തുവിന്റെ സഹായത്തോടെ നായ്ക്കുട്ടികളെ എലിസബത്ത് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ
എത്തിച്ചു. ഒരാഴ്ച തുടർച്ചയായി ചികിത്സ നൽകേണ്ടതിനാൽ എലിസബത്തിനും നായ്ക്കുട്ടികൾക്കും താമസിക്കാനുള്ള സൗകര്യം ഡോക്ടർമാർ സജ്ജീകരിച്ചു.
വെറ്ററിനറി സർജന്മാരായ ഡോ. സേതുലക്ഷ്മി, ഡോ. റസ്മിയ, ഷിബു, അജിത്ത് മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
നാട്ടിലേക്ക് മടങ്ങേണ്ടതിനാൽ നായ്ക്കുട്ടികളെ കൂടെക്കൂട്ടാൻ കഴിയില്ല.

ദത്ത് നൽകാൻ അന്വേഷിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ തൊടുപുഴയിൽ ഒരു അഭയകേന്ദ്രം കണ്ടെത്തി.

ചികിത്സയ്ക്കും സ്നേഹവായ്പുകൾക്കും നന്ദി പറഞ്ഞ് എലിസബത്ത് കഴിഞ്ഞ ദിവസം തൊടുപുഴയിലേക്ക് യാത്രയായി. യുബിയും അമിയയും ആ തോളിൽ വാത്സല്യമേറ്റു കിടന്നു, ഒരമ്മയുടെ കരുതലിൽ.

ചിത്രകാരിയും ശില്പിയും

ചിത്രകാരിയും ശില്പിയുമായ എലിസബത്ത് 2012 മുതലാണ് വിവിധ രാജ്യങ്ങൾ സന്ദർശിച്ച് തുടങ്ങിയത്. ഓരോ രാജ്യത്തെയും കലയും സംസ്കാരവും പക്ഷിമൃഗാദികളെയും അടുത്തറിഞ്ഞ് ആസ്വദിക്കുകയാണ് ഇഷ്ടവിനോദം. ഇങ്ങനെ കഴിഞ്ഞ നവംബറിലാണ് കേരളത്തിലെത്തിയത്.

ഇറ്റലിക്ക് മടങ്ങിപ്പോകേണ്ട വിമാന ടിക്കറ്റെടുത്തിരിക്കുന്നത് ഫെബ്രുവരി 5നാണ്. ഇരുവരെയും പിരിയുന്നതിൽ ദുഃഖമുണ്ട്. എങ്കിലും എല്ലാവർഷവും പ്രിയപ്പെട്ട നായ്ക്കുട്ടികളെ കാണാൻ കേരളത്തിലെത്തും.

എലിസബത്ത്

പൊതുവേ ചികിത്സയ്ക്ക് വഴങ്ങാത്ത വൈറസ് രോഗമായ പാർവോ അസുഖമാണ് നായ്ക്കുട്ടികളെ ബാധിച്ചത്. ചികിത്സയും എലിസബത്തിന്റെ സ്നേഹ പരിചണവും കൂടിയായപ്പോൾ രോഗം പുർണമായും ഭേദപ്പെട്ടു.

ഡോ. ഡി.ഷൈൻകുമാർ

ചീഫ് വെറ്ററിനറി ഓഫീസർ