
കാത്തു നിൽക്കേണ്ടി വരുന്നത് ആറ് ക്യൂവുകളിൽ വരെ!
കൊല്ലം: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവരോ കൂടെ വരുന്നവരോ, ഒ.പി ടിക്കറ്റ് എടുക്കുമ്പോൾ മുതൽ മരുന്നു വാങ്ങി പുറത്തിറങ്ങുന്നതുവരെ കുറഞ്ഞത് ആറ് ക്യൂവുകളിൽ 'സാന്നിദ്ധ്യ'മറിയിക്കേണ്ട അവസ്ഥ. ആ ഒരു ദിവസംതന്നെ മെനക്കെടുത്തുന്ന വിധത്തിലാണ് ഇവിടത്തെ സംവിധാനങ്ങൾ.
ഒ.പി വിഭാഗത്തിലെ ഡോക്ടർമാർ പരിശോധന ആരംഭിക്കുന്നത് എട്ട് മണിക്കാണെങ്കിലും ഒ.പി ടിക്കറ്റ് എടുക്കണമെങ്കിൽ ആശുപത്രിയിൽ പുലർച്ചെ എത്തി കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. തിരക്കുള്ള ദിവസങ്ങളിൽ 3500 പേർ വരെ ഒ.പിയിൽ എത്താറുണ്ട്. തിരക്ക് കുറവുള്ള ദിവസങ്ങളിൽ പോലും 1500ഓളം പേർ ഒ.പിയിലെത്തും. രാവിലത്തെ തിരക്കിന് ശേഷം ഡോക്ടറെ കാണാൻ ക്യാബിനു മുന്നിൽ മണിക്കൂറുകൾ നിൽക്കണം. ഡോക്ടർമാരുടെ ക്യാബിനു മുന്നിൽ മതിയായ കസേരകളില്ലാത്തത് അവശരായ രോഗികൾക്ക് വല്ലാത്ത ദുരിതമാണ് ഉണ്ടാക്കുന്നത്. ഡോക്ടറെ കണ്ട ശേഷം ലാബ് പരിശോധനകൾക്കും എക്സ്റേയ്ക്കും മറ്റും വീണ്ടും ക്യൂ നിൽക്കണം. തുടർന്ന് ഇവയ്ക്കുള്ള പണം അടയ്ക്കാനുള്ള കൗണ്ടറിനു മുന്നിലെ ക്യൂവിൽ എത്തണം. രാവിലെ ആഹാരം പോലും കഴിക്കാതെ എത്തുന്നവർ ഇതോടെ വല്ലാത്ത അവസ്ഥയിലാകും. എക്സ്റേ പരിശോധനയ്ക്കും മറ്റും വിധേയരായവർ റിസൾട്ടുമായി വീണ്ടും ഡോക്ടറെ കാണാൻ എത്തുമ്പോൾ, ക്യൂവിൽ നിൽക്കുന്നവരുമായി തർക്കമുണ്ടാകുന്നതും പതിവാണ്.
ഫാർമസിയിലേക്ക് രണ്ടു ടോക്കൺ
മരുന്നിനും ഇൻജക്ഷനുമുള്ള കുറിപ്പടി ലഭിച്ചാൽ ഇൻജക്ഷൻ റൂമിന് മുന്നിലാണ് അടുത്ത ക്യൂ. ഇൻജക്ഷൻ എടുത്ത് കഴിഞ്ഞാൽ അടുത്ത പരീക്ഷണം നേരിടുന്നത് ഫാർമസിയിലേക്കുള്ള ടോക്കൺ എടുക്കുന്നിടത്താണ്. ഫാർമസിയിൽ പ്രവേശിക്കാൻ ഒരു ടോക്കൺ എടുക്കണം. മരുന്നു വാങ്ങാൻ മറ്റൊന്ന്! പുലർച്ചെ അഞ്ചിന് ഒ.പി.ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ആരംഭിക്കുന്ന ക്യൂവിൽ തുടങ്ങുന്ന യാത്ര കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഹോട്ടലുകളിലെ ഊണുസമയം വരെ കഴിഞ്ഞിട്ടുണ്ടാവും.
രാവിലെ വരുന്നവർക്ക് ഉച്ചകഴിഞ്ഞാലും ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ക്യൂ നിന്ന് രോഗികൾ അടക്കമുള്ളവർ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്
ജയശ്രീ, രോഗിയുടെ ബന്ധു