കൊല്ലം: എഴുത്തുകാരൻ ടി.പത്മനാഭന്റെ ജീവിതവും സാഹിത്യവും ആവിഷ്‌കരിക്കുന്ന സിനിമ 'നളിനകാന്തി'യുടെ പ്രദർശനം ഫെബ്രു 4ന് രാവിലെ 10ന് കാഞ്ഞിരത്തുംമൂട് ശ്രീധന്യ തീയേറ്ററിൽ നടക്കും.
കഥാകൃത്തും നോവലിസ്റ്റുമായ സുസ്‌മേഷ് ചന്ത്രോത്താണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. ഫെബ്രുവരി 3ന് വൈകിട്ട് 6ന് കിഴക്കുംഭാഗത്ത് നടക്കുന്ന ഓപ്പൺ ഫോറത്തിൽ സുസ്‌മേഷ് ചന്ത്രോത്തും മറ്റ് സാങ്കേതികവിദഗ്ദ്ധരും പങ്കെടുക്കും. ചലച്ചിത്രതാരം അനുമോളാണ് നായിക. കാർത്തിക് മണികണ്ഠൻ, രാമചന്ദ്രൻ, പത്മാവതി, ശ്രീകല മുല്ലശേരി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഷിബു ചക്രവർത്തി എഴുതി സുദീപ് പാലനാട് ഈണമിട്ട ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗാനങ്ങൾ ആലപിച്ചിട്ടുള്ളത് പ്രശസ്ത കഥകളി സംഗീതജ്ഞയും ഗായികയുമായ ദീപ പാലനാട്, കലാമണ്ഡലം സംഗീതവിദ്യാർത്ഥിനി അനഘ ശങ്കർ എന്നിവരാണ്. സംസ്ഥാന പുരസ്‌കാര ജേതാക്കളായ മനേഷ് മാധവൻ ഛായാഗ്രഹണവും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. കൊൽക്കത്ത കൈരളി സമാജത്തിന്റെ ബാനറിൽ പ്രവാസി മലയാളിയായ ടി.കെ.ഗോപാലനാണ് നിർമ്മാണം. എഡിറ്രിംഗ് ആർ.വി.രിഞ്ചു, സിങ്ക് സൗണ്ട് ബിനു ഉലഹന്നാൻ, സൗണ്ട് മിക്‌സിംഗ് പി.ബിജു ജോസ്, വി.എഫ്.എക്‌സ് എസ്.സഞ്ജയ്. കണ്ണൂർ സവിത തീയേറ്ററിൽ ടി.പത്മനാഭനും ക്ഷണിക്കപ്പെട്ട അതിഥികൾക്കും ഒപ്പം ജനുവരി ആറിനായിരുന്നു നളിനകാന്തിയുടെ പ്രീമിയർ ഷോ. സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊല്ലത്തും എത്തുന്നതെന്ന് കാഴ്ച ഫിലിം സൊസൈറ്റി സെക്രട്ടറി അനിൽ പാർവണം, പ്രസിഡന്റ് എം.ആർ.നജീബ് എന്നിവർ അറിയിച്ചു.