വാടകയിനത്തിൽ മാസം നൽകുന്നത് ലക്ഷങ്ങൾ
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ സർക്കാർ ഓഫീസുകൾക്ക് സ്വന്തം കെട്ടിടം എന്നത് ഇപ്പോഴും സ്വപ്നം മാത്രമാണ്. താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിലെ ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ലക്ഷങ്ങളാണ് ഇതിനായി പ്രതിമാസം വാടകയിനത്തിൽ ചെലവാകുന്നത്. മാറി വരുന്ന സർക്കാരുകൾ ബഡ്ജറ്റുകളിൽ പ്രതീക്ഷ നൽകാറുണ്ടെങ്കിലും എല്ലാം കടലാസിലൊതുങ്ങുകയാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സർക്കാർ ഓഫീസിനായി റവന്യൂ ടവർ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശാസ്താംകോട്ട ജംഗ്ഷനിലെ ജല അതോറിട്ടിയുടെ സ്ഥലം ഇതിനായി കണ്ടെത്തുകയും ചെയ്തു. ജല അതോറിട്ടി സ്ഥലം റവന്യൂ വകുപ്പിന് കൈമാറുകയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ 7കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലത്തെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലെ താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയെങ്കിലും തുടർനടപടികൾ ഇഴയുകയാണ്.
ശാസ്താംകോട്ടയിലെ വിവിധ ഓഫീസുകൾക്കായി ഒരു മാസം ലക്ഷങ്ങൾ ചെലവിടുമ്പോൾ നിർമ്മാണം പൂർത്തിയായ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നില ഉദ്ഘാടനം ചെയ്യാതെ പൊടി പിടിക്കുകയാണ്. കെ.എസ് .ആർ.ടി.സിക്ക് ഗാരേജ് നിർമ്മാണത്തിനായി വാങ്ങിയ ഒരു ഏക്കർ സ്ഥലവും വെറുതെ കിടക്കുകയാണ്.
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന
സർക്കാർ ഓഫീസുകൾ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്
സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്
ലേബർ ഓഫിസ്
ജിയോളജി ഓഫീസ്
ആർ.ടി.ഒ ഓഫീസ്
ലീഗൽ മെട്രോളജി ഓഫീസ്
കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ഓഫീസ്
ഫയർഫോഴ്സ്
എക്സൈസ് ഓഫീസ്
. കെ.എസ്.ഇ.ബി ഓഫീസ്
ഡി.വൈ.എസ്.പി ഓഫീസ്
കുടുംബ കോടതി
എം.എ.സി.ടി കോടതി
ഉപയോഗിക്കാത്ത സർക്കാർ കെട്ടിടങ്ങൾ
ഭരണിക്കാവിലെ അംബേദ്ക്കർ സ്മാരക കമ്മ്യൂണിറ്റി ഹാൾ
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനായി നിർമ്മിച്ച കെട്ടിടം
ശാസ്താംകോട്ടയിലെ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നില
റവന്യൂ ടവർ നിർമ്മാണത്തിനുള്ള ടെണ്ടർ നടപടി പുരോഗമിക്കുകയാണ്. ടവർ യാഥാർത്ഥ്യമാകുന്നതോടെ താലൂക്കിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും സ്വന്തം കെട്ടിടമാകും
കോവൂർ കുഞ്ഞുമോൻ, എം.എൽ.എ