കൊല്ലം: കുട്ടികൾക്കൊപ്പം സംവദിച്ചും ഭക്ഷണം കഴിച്ചും സമയം ചെലവിട്ട് കളക്ടർ എൻ.ദേവിദാസ്. ഫെബ്രുവരി 3ന് നടക്കുന്ന ബാലപാർലമെന്റ് നടത്തിപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ പരിശീലന കളരിയിൽ എത്തിയതാണ് കളക്ടർ.
ബാലപാർലമെന്റിന്റെ പ്രവർത്തനങ്ങൾ, ജനാധിപത്യത്തിന്റെ ആവശ്യകത, ബാലപാർലമെന്റ് കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന വിഷയങ്ങൾ, കുട്ടികൾക്കിണങ്ങിയ ഇന്ത്യ എന്നീ കാര്യങ്ങളെക്കുറിച്ച് കളക്ടർ സംസാരിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് കുട്ടികൾ കളക്ടറോട് ചോദ്യം ചോദിക്കുകയും കളക്ടർ രസകരമായി മറുപടി നൽകുകയും ചെയ്തു.
കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചശേഷമാണ് കളക്ടർ യാത്രയായത്. സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയി ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തമീം അദ്ധ്യക്ഷനായി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ്, ജില്ലാ ട്രഷറർ അജിത്ത് പ്രസാദ്, ജില്ലാ ജോ. സെക്രട്ടറി സുവർണൻ പരവൂർ, എക്‌സി. കമ്മിറ്റി അംഗങ്ങളായ അനീഷ്, മനോജ്, പരിശീലകരായ തൊടിയൂർ രാധാകൃഷ്ണൻ, ഹരിഹരനുണ്ണി, ചിത്രകാരൻ ഷജിത്ത്, ആർച്ച, അതുൽ രവി തുടങ്ങിയവർ പങ്കെടുത്തു.