
കൊല്ലം: സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ കുടിശിക ഉടൻ നൽകണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ കൊല്ലം ഉപജില്ലാ സമ്മേളനം എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് മാസത്തെ ഉച്ചഭക്ഷണ തുകയും പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഹൈക്കോടതി കുടിശിക വരുത്തരുതെന്ന് നിർദ്ദേശിച്ചിട്ടും പാലിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ കോടതിയലക്ഷ്യത്തിന് കെ.പി.എസ്.ടി.എ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അറിയിച്ചു. ഉപജില്ലാ പ്രസിഡന്റ് ജി.ആർ.മഞ്ജു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി മുഖ്യ പ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി ഷാജഹാൻ (പ്രസിഡന്റ് ), സി.ഐ.ഷിജു (സെക്രട്ടറി), പ്രമോദ് (ട്രഷറർ), ജോമോൻ (വൈസ് പ്രസിഡന്റ് ), ശ്രീജിത്ത് (ജോ. സെക്രട്ടറി) എം.ആർ.ഷാ, റോബി (എക്സി. കമ്മിറ്റി അംഗം), എസ്.ശ്രീഹരി, ദിനിൽ മുരളി, സുമേഷ് ദാസ്, ഇന്ദിര കുമാരി, ക്രിസ്റ്റഫർ, താഹിന (വിദ്യാഭ്യാസ ജില്ലാ കൗൺസിൽ അംഗം), ജി.ആർ.മഞ്ജു (വനിതാ ഫോറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.