
പത്തനാപുരം: തേങ്ങ വറുത്തരച്ചും പച്ചത്തേങ്ങയരച്ചും കുടംപുളിയിട്ടും തക്കാളിയും പച്ചമാങ്ങയും ചേർത്തും മീൻകറികൾ പലവിധം വിറകടുപ്പിലെ മൺചട്ടിയിൽ തിളച്ചുമറിഞ്ഞപ്പോൾ ഗാന്ധിഭവനിൽ ഉയർന്നത് മത്സരരുചിമേളം.
കൂട്ടുരുചി സീസൺ 1 എന്ന പേരിൽ നടന്ന പാചക മത്സരത്തിൽ 41 കുടുംബശ്രീ യൂണിറ്റുകളിലെ ഇരുനൂറിലധികം പേർ ചേർന്ന് ഒരുക്കിയത് മീൻ തോരൻ മുതൽ സമൂസ വരെയുള്ള 41 തരം വ്യത്യസ്ത വിഭവങ്ങൾ.
മത്സരം കടുത്തതോടെ വിജയികളെ കണ്ടെത്താൻ വിധികർത്താക്കളും അൽപ്പം വിയർത്തു. പത്തനാപുരം നന്മ കുടുംബശ്രീ ഒന്നാം സമ്മാനം സ്വന്തമാക്കി. മൈനാഗപ്പള്ളി മുല്ല കുടുംബശ്രീയും ചെളിക്കുഴി ഹരിശ്രീ കുടുംബശ്രീയും രണ്ടാം സ്ഥാനം പങ്കിട്ടു. തെന്മല സൂര്യ കുടുംബശ്രീ മൂന്നാം സമ്മാനം നേടിയപ്പോൾ മീനിൽ സമൂസ ഉണ്ടാക്കി പത്തനാപുരം കൃപ കുടുംബശ്രീ സ്പെഷ്യൽ ജൂറി സമ്മാനം നേടി ഞെട്ടിച്ചു.
ഗാന്ധിഭവൻ കിച്ചൻ മാനേജർ പ്രസന്ന രാജന്റെ നേതൃത്വത്തിൽ പാചകവിദഗ്ദ്ധരായ നളൻ ഷൈൻ, നടൻ എൻ.കെ.കിഷോർ, നടി ആലിയ എന്നിവരായിരുന്നു വിധികർത്താക്കൾ. ചലച്ചിത്രതാരം നാസില നാസിറുദ്ദീനായിരുന്നു അവതാരക. ഗാന്ധിഭവനിലെ അച്ഛനമ്മമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു മത്സരം.
പ്രസന്ന രാജൻ ആദ്യ അടുപ്പിന് തീ പകർന്നതോടെ മത്സരം ആരംഭിച്ചു. വിജയികളെ കിഷോർ പ്രഖ്യാപിച്ചപ്പോൾ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും ചെയർപേഴ്സൺ ഷാഹിദ കമാലും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നൽകി.
ഗാന്ധിഭവന് സൗജന്യമായി മത്സ്യം നൽകുന്ന സാമൂഹ്യ പ്രവർത്തകനായ പ്രദീപ് തേവള്ളിയുമായുള്ള ആത്മബന്ധം ഒരുവർഷം പൂർത്തിയായതിന്റെ ഓർമ്മപുതുക്കലായിരുന്നു മത്സരം.
പുനലൂർ സോമരാജൻ
ഗാന്ധിഭവൻ സെക്രട്ടറി
കേരളം മുഴുവനുള്ള കുടുംബശ്രീ യൂണിറ്റുകളെ പങ്കെടുപ്പിച്ച് 'കൂട്ടുരുചി സീസൺ 2' സംഘടിപ്പിക്കും.
പ്രദീപ് തേവള്ളി