photo

കൊട്ടാരക്കര: കൊട്ടാരക്കരയിൽ പൊലീസ് ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണം ഇഴയുന്നു. മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. 1.20 കോടി രൂപയുടെ കെട്ടിട സമുച്ചയമാണ് കൊട്ടാരക്കര ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി നിർമ്മിക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടം സിമെന്റ് പൂശലടക്കം പൂർത്തിയാക്കിയിട്ട് മാസങ്ങളായി. ഇനി പെയിന്റിംഗും ടൈൽ പാകലും ഇലക്ട്രിക്, പ്ളംബിംഗ് ജോലികളും ശേഷിക്കുകയാണ്. മുമ്പ് പൊലീസ് ക്വാർട്ടേഴ്സുകളും സർക്കിൾ ഓഫീസുമൊക്കെ പ്രവർത്തിച്ചിരുന്ന ഭൂമിയിലാണ് പരിശീലന കേന്ദ്രത്തിനുള്ള കെട്ടിട സമുച്ചയവും നിർമ്മിക്കുന്നത്. മൂന്നേക്കർ ഭൂമി ഇവിടെ പൊലീസിനുണ്ട്. റൂറൽ ജില്ലയുടെ പൊലീസ് ആസ്ഥാനം കൊട്ടാരക്കരയിലായതിനാലാണ് ട്രെയിനിംഗ് സെന്ററും ഇവിടേക്കുതന്നെ എത്തിയത്. പൊലീസ് സ്റ്റേഷൻ, വനിതാ പൊലീസ് സ്റ്റേഷൻ എന്നിവയ്ക്കുള്ള കെട്ടിടങ്ങളുടെ നിർമ്മാണവും സമീപത്തായി നടക്കുന്നുണ്ട്.

പൊലീസിന് ഇൻഡോർ ക്ളാസുകൾ

പൊലീസ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലന കേന്ദ്രമാണ് കൊട്ടാരക്കരയിൽ ഒരുങ്ങുന്നത്. എന്നാൽ ഫിസിക്കൽ ട്രെയിനിംഗ് ഇവിടെയില്ല. ഇൻഡോർ ക്ളാസുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള സെന്ററാണ് ആരംഭിക്കുന്നത്. താഴത്തെ നിലയിൽ ക്ളാസുകൾക്കുള്ള വിശാലമായ ഹാൾ, മുകളിൽ സ്യൂട്ട് റൂമുകൾ, ഡൈനിംഗ് ഹാൾ, ടൊയ്ലറ്റ് സംവിധാനങ്ങൾ, വിശ്രമ സ്ഥലം എന്നിവ ക്രമീകരിക്കും.