car

കൊല്ലം: ഇരവിപുരത്ത് മറ്റൊരു കാറിന് സൈഡ് കൊടുക്കുന്നതിനിടെ യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയുള്ള കൊല്ലം തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇരവിപുരം പനമൂട് കോൺവെന്റ് നഗർ സ്വദേശികളായ സഹോദരങ്ങളായ ക്ലിഫിൻ, ക്ലിഫിയ, ക്ലിൻഫിയ എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം.

സുഹൃത്തിന്റെ കാറിൽ കൊല്ലം ബീച്ച് സന്ദർശിച്ച ശേഷം താന്നി ഭാഗത്തേക്ക് പോവുകയായിരുന്നു. ഇരവിപുരം പാലം ഇറങ്ങി പനമൂട് ഭാഗത്തേക്ക് പോകാൻ ഇടത് ഭാഗത്തേക്ക് തിരിച്ചു. ഈ സമയം എതിർവശത്ത് നിന്ന് മറ്റൊരു കാർ കയറി വരുകയും ഈ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കൊല്ലം തോട്ടിലേക്ക് മറിയുകയുമായിരുന്നു. ഉടൻ കാറിന്റെ ഡോർ തുറന്ന് മൂന്നുപേരും പുറത്തേക്ക് ചാടി. അഞ്ചടിവെള്ളം മാത്രമാണ് തോട്ടിലുണ്ടായിരുന്നത്.

ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല. കാർ താഴേക്ക് പതിച്ച സ്ഥലത്ത് കൈവരി ഇല്ലാത്തതാണ് അപകടത്തിന് ഇടയാക്കിയത്. വിവരം അറിഞ്ഞ് കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്‌സും ഇരവിപുരം പൊലീസും സ്ഥലത്തെത്തി. തോട്ടിൽ പായലും മറ്റും മൂടിക്കിടക്കുന്നതിനാൽ കാർ ഉയർത്താൻ ഫയർഫോഴ്‌സിനായില്ല. ക്രെയിൻ ഉപയോഗിച്ച് കാർ കരയ്‌ക്കെത്തിക്കാനുള്ള ശ്രമം രാത്രി വൈകിയും പുരോഗമിക്കുകയാണ്. ഇരവിപുരം പൊലീസ് മേൽ നടപടി സ്വീകരിച്ചു.