omanayamma

എഴുകോൺ: തീ പടർന്നുപിടിച്ച പുരയിടത്തിൽ അയൽവാസിയായ സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തുംകാല പോളിടെക്നിക്കിന് സമീപം സുരേന്ദ്ര ഭവനിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ഓമനഅമ്മയാണ് (86) മരിച്ചത്.

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഓമനഅമ്മ സമീപത്തെ റബർ പുരയിടത്തിന് തീപിടിച്ചത് കണ്ട് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തീ കത്തുന്നത് കണ്ട് സമീപവാസി ഗ്രാമപഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ബിജു എബ്രഹാമിനെ വിവരം അറിയിച്ചു. ബിജു എബ്രഹാമും സുഹൃത്ത് ശിവകുമാറും സമീപവാസികളും ചേർന്ന് തീ കെടുത്തിയ ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഓമനഅമ്മയെ അന്വേഷിച്ചു. കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ തീ പടർന്നുപിടിച്ച പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

എഴുകോൺ പൊലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മക്കൾ: പരേതനായ സുരേന്ദ്രൻ പിള്ള, പരേതയായ ലളിത ഭായി, ശ്യാമള ഭായി. മരുമക്കൾ: പരേതനായ രാധാകൃഷ്ണ പിള്ള, മുരളീധരൻ പിള്ള. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മകൾ ശ്യാമള ഭായിയുടെ ഇരുമ്പനങ്ങാട്ടെ വസതിയിൽ.