കുന്നത്തൂർ: ശൂരനാട് വടക്ക് ചക്കുവള്ളിയിൽ പൊലീസ് സ്റ്റേഷന് സമീപം കാട്ടുപന്നി ആക്രമണത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് ബാബു സദനത്തിൽ മഞ്ജു, ചരുവിള തെക്കതിൽ സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള ക്വാർട്ടേഴ്സ് പരിസരം കാടു മൂടി കിടക്കുന്നത് കാരണം ഇവിടം കാട്ടുപന്നിയടക്കമുള്ള മൃഗങ്ങളുടെ താവളമായി മാറിയിരിക്കയാണ്. പൊലീസിന്റെ അധീനതയിലുള്ള ഈ സ്ഥലം വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ സുനിതാ ലത്തീഫ് ആവശ്യപ്പെട്ടു.